ബാർസലോണ – ഏറെ നാളുകൾക്ക് ശേഷം ആദ്യ ഇലവനിൽ ഇടം പിടിച്ച റോബർട്ട് ലെവൻഡോവ്സ്കി തിരിച്ചുവരവ് ഹാട്രിക് നേടി ഗംഭീരമാക്കിയപ്പോൾ ബാർസലോണക്ക് ജയം. സെൽറ്റാ വിഗോയെ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് കാറ്റിലോണിയൻ ക്ലബ് തകർത്തത്. ലെവൻഡോവ്സ്കിയെ കൂടാതെ സൂപ്പർതാരം ലാമിൻ യാമലും ഗോൾ നേടി വിജയത്തിൽ നിർണായക പങ്കുവഹിച്ചു.
മത്സരത്തിന്റെ പത്താം മിനുറ്റിൽ തന്നെ പെനാൽറ്റിയിലൂടെ ലെവൻഡോവ്സ്കി നിലവിലെ ചാമ്പ്യന്മാരെ മുന്നിലെത്തിച്ചെങ്കിലും തൊട്ടടുത്ത നിമിഷം സെർജിയോ കരീറയുടെ ഗോളിലൂടെ എതിരാളികൾ ഒപ്പമെത്തി. 37-ാം മിനുറ്റിൽ മാർക്കസ് റാഷ്ഫോഡ് നൽകിയ ക്രോസ്സിൽ ലെവൻഡോവ്സ്കി ടീമിന് ലീഡ് നൽകി. ആറു മിനുറ്റുകൾക്ക് ശേഷം ബോർജ ഇഗ്ലേഷ്യസിന്റെ ബോക്സിന്റെ പുറത്തുനിന്നുള്ള ഉഗ്രൻ ഷോട്ടിലൂടെ വീണ്ടും ഒപ്പമെത്തിച്ചു. എന്നാൽ ഒന്നാം പകുതി അവസാനിക്കാനിരിക്കെ യാമലിന്റെ ഗോളിലൂടെ ബാർസ ലീഡ് തിരിച്ചു പിടിച്ചു. 73-ാം മിനുറ്റിൽ റാഷ്ഫോഡിന്റെ ക്രോസ്സിൽ തന്നെ തല വെച്ച് ഹാട്രിക് പൂർത്തിയാക്കിയ ലെവൻഡോവ്സ്കി ടീമിന്റെ ലീഡ് ഇരട്ടിയാക്കി. മത്സരം അവസാനിക്കാൻ നിമിഷങ്ങൽ മാത്രം നിൽക്കെ ബാർസ ഫ്രാങ്ക് ഡി ജോങ് ചുവപ്പുകാർഡ് കണ്ടു പുറത്തായി.
മറ്റൊരു മത്സരത്തിൽ കരുത്തരായ റയൽ മാഡ്രിഡിനെ ഗോൾ രഹിത സമനിലയിൽ റയോ വയ്യെക്കാനോ തളച്ചു. വയ്യെക്കാനോ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും വല കുലുങ്ങിയില്ല. ഇരു ടീമിലെയും കീപ്പർമാരുടെ മികവാണ് മത്സരം സമനിലയാക്കിയത്. മാഡ്രിഡ് നിരയിൽ സൂപ്പർതാരങ്ങൾ എല്ലാം ഇറങ്ങിയെങ്കിലും കാര്യമുണ്ടായില്ല. ഇതോടെ 12 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി റയൽ ഒന്നാമതും 28 പോയിന്റുള്ള ബാർസ രണ്ടാം സ്ഥാനത്തുമാണ്.
മറ്റു മത്സരങ്ങൾ
അത്‌ലറ്റിക് ബിൽബാവോ – 1 ( ഇനാക്കി വില്യംസ് – 25)
റയൽ ഒവിഡോ – 0
മായ്യോർക്ക – 1 ( വേദത് മുരിഖി – 14)
ഗെറ്റഫെ – 0
വലൻസിയ – 1 ( ലൂയിസ് റിയോജ – 82)
റയൽ ബെറ്റിസ് – 1 ( ജുവാൻ ഹെർണാണ്ടസ് – 74)



