മെക്സിക്കോ സിറ്റി– 1986 മെക്സിക്കോ ലോകകപ്പിൽ ബൂട്ട് കെട്ടിയതിനു ശേഷം വീണ്ടും ആ ചരിത്ര നേട്ടത്തിന് അരികിലാണ് ഇറാഖ് ഫുട്ബോൾ ടീം. നാളെ ഇന്ത്യൻ സമയം രാവിലെ എട്ടരക്ക് നടക്കുന്ന ഇന്റർ – കോൺഫെഡറേഷൻ ലോകകപ്പ് യോഗ്യത അവസാന മത്സരത്തിൽ ലാറ്റിൻ അമേരിക്കൻ ടീമായ ബൊളീവിയയെ തകർത്ത് 40 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് അവസരം സ്വപ്നം കാണുന്ന ഇറാഖ് ഈ മത്സരം ഏറെ നിർണായകമാണ്. മത്സരം നടക്കുന്നതും മെക്സിക്കോയിൽ ആണെന്നതും മറ്റൊരു സവിശേഷതയാണ്.
ആസ്ട്രേലിയൻ പരിശീലകൻ ഗ്രഹാം അർനോൾഡിന്റെ കീഴിൽ ഇറങ്ങുന്ന ഇറാഖ് ടീം 2025 നവംബറിൽ നടന്ന ഏഷ്യൻ ലോകകപ്പ് യോഗ്യത മത്സരത്തിൽ യുഎഇയെ തകർത്താണ് അവസാന പോരാട്ടത്തിന് യോഗ്യത ഉറപ്പിച്ചത്. മത്സരത്തിന് മുന്നോടിയായി മെക്സിക്കോയിലെ മോണ്ടെറെയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇറാഖ് ദേശീയ ടീം പരിശീലകൻ ഗ്രഹാം അർനോൾഡ് ടീമിന്റെ സജ്ജീകരണങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി. ആത്മവിശ്വാസത്തോടൊപ്പം തന്നെ ജാഗ്രതയോടെയുമാണ് ടീം മത്സരത്തെ സമീപിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഫിഫ റാങ്കിംഗിൽ ഇറാഖിനുള്ള മേധാവിത്വം അർനോൾഡ് ചൂണ്ടിക്കാട്ടി. നിലവിൽ ഇറാഖ് 58-ാം സ്ഥാനത്താണെങ്കിൽ ബൊളീവിയ 76-ാം സ്ഥാനത്താണ്. എന്നാൽ റാങ്കിംഗിലെ ഈ വ്യത്യാസത്തേക്കാൾ പ്രാധാന്യം മൈതാനത്തെ പ്രകടനത്തിനാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മറുവശത്ത് ബൊളീവിയ അവസാന ലോകകപ്പ് പ്ലേ ഓഫ് യോഗ്യത മത്സരത്തിൽ സുരിനാമിനെ തോൽപ്പിച്ചാണ് ഇറാഖിനെതിരെ ഇറങ്ങുന്നത്. കൂടാതെ ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത ഗ്രൂപ്പ് റൗണ്ടിന്റെ അവസാന മത്സരത്തിൽ അഞ്ചു തവണ ജേതാക്കളായ ബ്രസീലിനെ തകർത്തതും അവർക്ക് ആത്മവിശ്വാസം നൽകുന്നുണ്ടെങ്കിലും അതിനുശേഷം നടന്ന എട്ടു മത്സരങ്ങളിൽ അഞ്ചിലും ഇവർ പരാജയപ്പെട്ടിരുന്നു. രണ്ടു മത്സരങ്ങളിൽ മാത്രമാണ് ജയിക്കാൻ സാധിച്ചത്.
ഇന്റർ – കോൺഫെഡറേഷൻ ലോകകപ്പ് യോഗ്യതയുടെ മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ കോംഗോ ജമൈക്കയെയും നേരിടും. അർദ്ധരാത്രി രണ്ടരക്കാണ് ഈ മത്സരം.



