സാൻ ഫ്രാൻസിസ്കോ – അവസാന വിസിൽ ഊതാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ഹോമം എൽ-അമിൻ ഉയർത്തി നൽകിയ പന്ത് വായുവിൽ ഉയർന്നു ചാടി ബൗലേം ഖൗഖി ആ വലയിൽ എത്തിക്കുമ്പോൾ പിറന്നത് ഒരു ഗോൾ മാത്രമല്ല, ഖത്തർ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്നാണ്. സ്വന്തം നാട്ടിൽ നടന്ന 2022 ലോകകപ്പിൽ ആദ്യമായി ബൂട്ട് കെട്ടിയ ഖത്തറിന് മൊത്തത്തിൽ പിഴച്ചിരുന്നു. സ്വന്തം കാണികൾക്ക് മുന്നിൽ ഒരു പോയിന്റ് പോലും നേടാൻ ആകാതെ ഏറ്റവും അവസാന സ്ഥാനക്കാരായി മടങ്ങിയ അവർ ഇത്തവണ ലോകകപ്പിന് എത്തിയപ്പോഴും എല്ലാവരും പുച്ഛിച്ചുതള്ളി. എന്നാൽ സാൻ ഫ്രാൻസിസ്കോയിൽ സ്റ്റേഡിയത്തിൽ യൂറോപ്പ്യൻ കരുത്തരായ സ്വിസർലാൻഡിനെ സമനിലയിൽ തളച്ച് ഒരു പോയിന്റ് നേടി കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.
മത്സരം ആരംഭിച്ച രണ്ടാം മിനിറ്റിൽ തന്നെ ഖത്തറിന്റെ എഡ്മിൽസൺ ജൂനിയറിന് ഒരു ഗോൾ എന്നുറച്ച അവസരം ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല. എന്നാൽ മത്സരത്തിന്റെ ചിത്രത്തിൽ പോലും ഖത്തർ ഇല്ലായിരുന്നു. നിരന്തരം ഖത്തർ പോസ്റ്റിനെ വിറപ്പിച്ച സ്വിസ് അറ്റാക്കിൻ നിര ക്ക് അനുകൂലമായി പതിനേഴാം മിനിറ്റിൽ പെനാൽറ്റി ലഭിച്ചു. ഖത്തർ ഗോൾകീപ്പർ മഹ്മൂദ് ഇബ്രാഹിം അബുനാദ റെമോ ഫ്രൂലറിനെ വീഴ്ത്തിയതിനെ തുടർന്ന് ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ച് എമ്പോളോ ലീഡ് നൽകി. വീണ്ടും മത്സരത്തിൽ പൂർണാധിപത്യം സ്ഥാപിച്ച സ്വിസർലാൻഡിന് നിരവധി ഗോൾ അവസരം ലഭിച്ചെങ്കിലും വിലങ്ങുതടിയായി നിന്നത് ഖത്തർ ഫുട്ബോൾ ആരാധകർ ഒരു നിമിഷം വില്ലൻ എന്ന് കരുതിയ മഹ്മൂദ് ഇബ്രാഹിം അബുനാദ തന്നെയാണ്. 26 തവണ പോസ്റ്റിലേക്ക് ഷോട്ടുകൾ എടുത്ത സ്വിസ് ടീമിന് നേടാൻ ആയത് ഒരു പെനാൽറ്റി ഗോൾ മാത്രമാണ്. അങ്ങനെ 90 മിനിറ്റും കഴിഞ്ഞ് മത്സരം അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് എൽ-അമിൻ നൽകിയ ക്രോസ് വലയിൽ എത്തിച്ചു ബൗലേം ചരിത്ര പോയിന്റ് നേടിക്കൊടുത്തത്.
മറ്റൊരു മത്സരത്തിൽ സി ഗ്രൂപ്പിലെ സ്കോട്ട്ലാൻഡിന് എതിരെ ഏകപക്ഷീയമായ ഒരൊറ്റ ഗോളിന് ഹെയ്തി കീഴടങ്ങി. മത്സരത്തിൽ ഉടനീളം ഹെയ്തി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും 29 ആം മിനിറ്റിൽ സ്കോടീഷ് താരം ജോൺ മക്ഗിൻ നേടിയ ഗോളിൽ പരാജയപ്പെടുകയായിരുന്നു.



