സാന്താ ക്ലാര: ഫിഫ ലോകകപ്പ് ഗ്രൂപ്പ് ജെ മത്സരത്തിൽ അൾജീരിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടതോടെ ജോർദാന്റെ അരങ്ങേറ്റ ലോകകപ്പ് പോരാട്ടം അവസാനിച്ചു. ഈ തോൽവിയോടെ ഗ്രൂപ്പിൽ രണ്ട് മത്സരങ്ങളും പരാജയപ്പെട്ട ജോർദാൻ ഒഫീഷ്യലായി ടൂർണമെന്റിൽ നിന്ന് പുറത്തായി. മറുഭാഗത്ത് ഈ തകർപ്പൻ വിജയത്തോടെ അൾജീരിയ തങ്ങളുടെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കുകയും ചെയ്തു.
സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു അൾജീരിയയുടെ ശക്തമായ തിരിച്ചുവരവ്. മത്സരത്തിന്റെ 36-ാം മിനിറ്റിൽ നിസാർ അൽ റഷദാനിലൂടെ ജോർദാനാണ് ആദ്യം ലീഡെടുത്തത്. എന്നാൽ രണ്ടാം പകുതിയിൽ തന്ത്രങ്ങൾ മാറ്റിയ മെനഞ്ഞ അൾജീരിയ കോർണറുകളിലൂടെയാണ് തങ്ങളുടെ രണ്ട് ഗോളുകളും നേടിയത്. 69-ാം മിനിറ്റിൽ റിയാദ് മഹ്‌റെസിന്റെ അസിസ്റ്റിൽ നാദിർ ബെൻബുവാലിയും, 82-ാം മിനിറ്റിൽ അമീൻ ഗൗരിയും അൾജീരിയയ്ക്കായി ലക്ഷ്യം കണ്ടു.
ഈ വിജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് 3 പോയിന്റുമായി അൾജീരിയ ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്താണ്. മികച്ച മൂന്നാം സ്ഥാനക്കാരായി അടുത്ത റൗണ്ടിലേക്ക് മുന്നേറാൻ അൾജീരിയയ്ക്ക് ഇപ്പോഴും സാധ്യതകളുണ്ടെങ്കിലും, മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിക്കാതെ രണ്ടാം സ്ഥാനക്കാരായി നേരിട്ട് സുരക്ഷിതമായി റൗണ്ട് 32 ഉറപ്പാക്കണമെങ്കിൽ അടുത്ത മത്സരത്തിൽ ഓസ്ട്രിയക്കെതിരെ അൾജീരിയയ്ക്ക് വിജയം അനിവാര്യമാണ്. നിലവിൽ രണ്ട് മത്സരങ്ങളും വിജയിച്ച അർജന്റീനയാണ് 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത്. ഒപ്പമുള്ള ഓസ്ട്രിയയ്ക്കും 3 പോയിന്റുണ്ടെങ്കിലും ഗോൾ വ്യത്യാസത്തിൽ അവർ അൾജീരിയയ്ക്ക് മുന്നിൽ രണ്ടാമതായി തുടരുന്നു. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ജോർദാന് ഇനി ഒരു മത്സരം ബാക്കിയുണ്ടെങ്കിലും അടുത്ത റൗണ്ട് പ്രതീക്ഷകൾ പൂർണ്ണമായി അവസാനിച്ചു



