ലോസ് ഏഞ്ചൽസ്– സ്വന്തം കാണികൾക്ക് മുന്നിൽ 2026 ഫിഫ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ യു.എസ്.എ വരവ് അറിയിച്ചപ്പോൾ കാനഡക്ക് സമനിലക്കുരുക്ക്. യു.എസ്.എ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ലാറ്റിനമേരിക്കൻ ടീമായ പരാഗ്വെയെ തകർത്തത്. അതേസമയം ലോകകപ്പ് ചരിത്രത്തിലെ ആദ്യ വിജയം ലക്ഷ്യമിട്ട് സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങിയ കാനഡയെ ബോസ്നിയ ആൻഡ് ഹെർസഗോവിനയാണ് സമനിലയിൽ തളച്ചത്. ഇരു ടീമുകളും ഓരോ ഗോൾ വീതമടിച്ച് മടങ്ങി.
ലോകകപ്പിന്റെ രണ്ടാം ദിവസം നടന്ന ആദ്യ മത്സരത്തിൽ കാനഡ സമ്പൂർണ്ണ ആധിപത്യം സ്ഥാപിച്ചെങ്കിലും ബോസനിയയെ പരാജയപ്പെടുത്താൻ സാധിച്ചില്ല. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ എതിരാളികളുടെ ബോക്സിനെ നിരന്തരം ആക്രമണം അഴിച്ചുവിട്ട കാനഡക്ക് ലക്ഷ്യം മാത്രം കണ്ടെത്താൻ സാധിച്ചില്ല. 21-ാം മിനുറ്റിൽ ആതിഥേയരെ ഞെട്ടിച്ചുകൊണ്ട് ബോസ്നിയ മുന്നിലെത്തി. സീഡ് കൊളാസിനാക് എടുത്ത കോർണറിന് തല വെച്ച് ജോവോ ലുക്കിച്ച് തന്റെ ദേശീയ ടീം കരിയറിലെ ആദ്യ ഗോൾ നേടി. ഗോൾ തിരിച്ചടിക്കാനായി ആദ്യ പകുതിയിൽ തന്നെ കാനഡ നിരന്തരം ശ്രമിച്ചെങ്കിലും ബോസ്നിയൻ പ്രതിരോധനിര ശ്രമങ്ങളെ എല്ലാം വിഫലമാക്കി.
രണ്ടാം പകുതിയിലും നിരന്തരം ഗോളിനായി ശ്രമിച്ച കാനഡക്ക് ഒരു നിമിഷം ഭാഗ്യമില്ല എന്ന് വരെ സ്വന്തം ആരാധകർ കരുതി. ഒന്നിലധികം ഗോൾ ഒന്ന് ഉറച്ച ഷോട്ടുകൾ ഗോൾലൈൻ സേവ് ചെയ്തു ബോസ്നിയൻ പ്രതിരോധനിര ഇവരെ ഞെട്ടിച്ചു. ഒടുവിൽ 78-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയ തൊട്ടടുത്ത നിമിഷം സൈൽ ലാരിൻ കാനഡയെ ഒപ്പമെത്തിച്ചു. വീണ്ടും നിരവധി അവസരങ്ങൾ കാനഡക്ക് ലഭിച്ചെങ്കിലും മുതലെടുക്കാനായില്ല.
അതേസമയം രണ്ടാം മത്സരത്തിൽ യു.എസ്.എ നാലു ഗോളുകളാണ് പരാഗ്വെൻ പോസ്റ്റിലേക്ക് കടത്തിവിട്ടത്. ആതിഥേർക്കുവേണ്ടി ഫോളാരിൻ ബലോഗൺ ഇരട്ട ഗോളുകൾ നേടിയപ്പോൾ അലജാൻഡ്രോ റെയ്നയും ഒരു തവണ ലക്ഷ്യം കണ്ടു. മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയാണ്. പരാഗ്വെൻ മധ്യനിരതാരം ഡാമിയൻ ബോബാഡില്ലയുടെ ബൂട്ടിൽ നിന്നാണ് ഈ ലോകകപ്പിലെ ആദ്യ സെൽഫ് പിറന്നത്. എതിരാളികളുടെ ആശ്വാസഗോൾ നേടിയത് മൗറീഷ്യോയാണ്.
ഏഴാം മിനിറ്റിൽ തന്നെ മത്സരത്തിലെ ആദ്യ ഗോൾ വന്നു. ബോക്സിലേക്ക് പാഞ്ഞെത്തിയ ക്രിസ്ത്യൻ പുലിസിച്ചിന്റെ നീക്കം പ്രതിരോധിക്കാൻ ശ്രമിച്ച ബോബാഡില്ലക്ക് പിഴച്ചതോടെ സ്വന്തം പോസ്റ്റിലേക്ക് കയറി അമേരിക്ക മുന്നിലെത്തി. 31-ാം മിനുറ്റിൽ പുലിസിച്ച് തന്നെ നടത്തിയ നീക്കത്തിലൂടെ രണ്ടാമത്തെ ഗോളും വന്നു. താരം നൽകിയ പന്ത് പ്രയാസങ്ങൾ ഒന്നും കൂടാതെ ബലോഗൺ ലക്ഷ്യം കാണുകയായിരുന്നു. ഒന്നാം പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ബലോഗൺ അടുത്ത ഗോളും നേടിയതോടെ യു.എസ്.എ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തി. 73-ാം മിനുറ്റിലാണ് എതിരാളികളുടെ ആശ്വാസ ഗോൾ വന്നത്. ജൂലിയോ എൻസിസോ നൽകിയ പന്ത് മൗറീഷ്യോ വലയിൽ എത്തിച്ചു. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ മാത്രം ബാക്കി നിൽക്കെ പകരക്കാരനായി ഇറങ്ങിയ റെയ്നയും ലക്ഷ്യം കണ്ടതോടെ മത്സരം പൂർത്തിയായി.



