വാൻകൂവർ: ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് ഡി പോരാട്ടത്തിൽ തുർക്കിയെ തകർത്ത് കങ്കാരുക്കൾ കളം പിടിച്ചു. കാനഡയിലെ വാൻകൂവറിൽ നടന്ന മത്സരത്തിൽ ഓസ്ട്രേലിയ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ആധികാരികമായ വിജയം സ്വന്തമാക്കിയത്. കളിയിലുടനീളം പന്തടക്കത്തിലും ആക്രമണത്തിലും തുർക്കി മുന്നിട്ടുനിന്നെങ്കിലും, കൃത്യമായ കൗണ്ടർ അറ്റാക്കുകളിലൂടെയും ക്ലിനിക്കൽ ഫിനിഷിങ്ങിലൂടെയും ഓസ്ട്രേലിയ മത്സരം തങ്ങളുടെ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ പന്ത് കൈവശം വെച്ച് തുർക്കി സമ്മർദ്ദം ചെലുത്തിയെങ്കിലും ആദ്യ ഗോൾ നേടി മുന്നിലെത്തിയത് ഓസ്ട്രേലിയ ആയിരുന്നു.
ഇരുപത്തിയേഴാം മിനിറ്റിൽ പോൾ ഒകോൺ-എങ്സ്റ്റ്ലർ നൽകിയ മികച്ചൊരു അസിസ്റ്റിൽ നിന്നും തുർക്കി പ്രതിരോധ താരങ്ങളെ വളരെ വേഗത്തിൽ എതിരാളികളുടെ പോസ്റ്റിലേക്ക് പാഞ്ഞെത്തിയ നെസ്റ്റോറി ഇരങ്കുണ്ടയാണ് ഓസ്ട്രേലിയയുടെ ആദ്യ ഗോൾ സ്കോർ ചെയ്തത്. ഈ ഒറ്റ ഗോളിന്റെ ലീഡിലാണ് ഓസ്ട്രേലിയ ആദ്യ പകുതി അവസാനിപ്പിച്ചത്.
രണ്ടാം പകുതിയിൽ ഗോൾ മടക്കാനായി തുർക്കി ആക്രമണം ശക്തമാക്കി. എന്നാൽ തുർക്കിയുടെ പ്രതിരോധക്കോട്ട തകർത്ത് എഴുപത്തിയഞ്ചാം മിനിറ്റിൽ കോണർ മെറ്റ്കാഫ് ഓസ്ട്രേലിയയുടെ രണ്ടാം ഗോളും നേടി ടീമിന്റെ വിജയം പൂർണ്ണമാക്കി.
ഓസ്ട്രേലിയൻ ഗോൾമുഖത്തേക്ക് മുപ്പത് ഷോട്ടുകൾ തുർക്കി ഉതിർത്തെങ്കിലും ഓസ്ട്രേലിയൻ ഗോൾകീപ്പർ പാട്രിക്ക് ബീച്ചിന്റെയും പ്രതിരോധനിരയുടെയും മികച്ച പ്രകടനം തിരിച്ചടിയായി. മറുഭാഗത്ത് ഓസ്ട്രേലിയ ആകെ എടുത്തത് 8 ഷോട്ടുകൾ മാത്രമാണ്.
വിജയത്തോടെ ഗ്രൂപ്പ് ഡിയിൽ മൂന്ന് പോയിന്റുമായി ഓസ്ട്രേലിയ രണ്ടാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ പരാഗ്വെയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത അമേരിക്കയാണ് മികച്ച ഗോൾ വ്യത്യാസത്തിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. തോൽവി വഴങ്ങിയ തുർക്കി മൂന്നാം സ്ഥാനത്തേക്കും പരാഗ്വെ നാലാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.



