ദോഹ– പതിനൊന്നാം ഫിഫ അറബ് കപ്പ് സെമിഫൈനലിലേക്ക് യോഗ്യത നേടി സൗദി അറേബ്യയും ആഫ്രിക്കൻ കരുത്തരായ മൊറോക്കോയും.
ആദ്യ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത ഒരൊറ്റ ഗോളിന് മൊറോക്കോ സിറിയയെ തകർത്തത്. പകരക്കാരനായി ഇറങ്ങിയ വാലിദ് ആസാറോയുടെ ഗോളിലാണ് ആഫ്രിക്കൻ കരുത്തരുടെ ജയം. 79-ാം മിനുറ്റിലാണ് താരത്തിന്റെ ബൂട്ടിൽ നിന്നും ഗോൾ പിറന്നത്. മത്സരത്തിൽ സമ്പൂർണാധിപത്യം കാഴ്ചവച്ചത് മൊറോക്കെ തന്നെയായിരുന്നു. അവസാന നിമിഷം മൊറോക്കൻ താരമായ മുഹമ്മദ് മുഫീദ് ചുവപ്പ് കാർഡ് കണ്ടു പുറത്തായെങ്കിലും മുതലെടുക്കാൻ സിറിയൻ ടീമിന് കഴിഞ്ഞില്ല.
രണ്ടാം ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സൗദിക്കെതിരെ അവസാന നിമിഷം വരെ പോരാടിയാണ് ഫലസ്തീൻ കീഴടങ്ങിയത്. 90 മിനുറ്റും സമനിലയായതിനെത്തുടർന്ന് അധികസമയത്തേക്ക് നീണ്ട കളിയിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി ജയിച്ചത്.
മത്സരത്തിന്റെ ആദ്യപകുതിയിൽ സൗദി ആധിപത്യം പുലർത്തിയെങ്കിലും ഫലസ്തീൻ വല കുലുക്കാൻ കഴിഞ്ഞില്ല. തുടർന്ന് 58-ാം മിനുറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ച് ഫിറാസ് അൽ-ബുറൈകൻ ടീമിന് ലീഡ് നൽകി. പിന്നീട് ഉണർന്നു കളിച്ച ഫലസ്തീൻ വെറും ആറ് മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ തിരിച്ചടിച്ച് ഒപ്പമെത്തി. ഒഡയ് ദബ്ബാഗ് ആണ് ഫലസ്തീന് വേണ്ടി വല കുലുക്കിയത്. പിന്നീടും ഇരു ടീമുകൾക്കും ഒന്ന് രണ്ട് അവസരങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞെങ്കിലും കാര്യമുണ്ടായില്ല. ഇതിനിടയിൽ സൗദി അറേബ്യ ഒരു തവണ വല കുലുക്കിയെങ്കിലും ഓഫ് സൈഡിൽ കുരുങ്ങി. ഇഞ്ചുറി ടൈമിൽ അവസാന സമയം ഹാൻഡ് ബോളിനെ തുടർന്ന് റഫറി സൗദിക്ക് ആദ്യം പെനാൽറ്റി വിധിച്ചില്ലെങ്കിലും വാർ പരിശോധനയിലൂടെ തള്ളിക്കളഞ്ഞിരുന്നു.
തുടർന്ന് 30 മിനുറ്റ് അധിക സമയത്തേക്ക് നീണ്ട പോരാട്ടത്തിന്റെ 115-ാം മിനുറ്റിലാണ് ഫലസ്തീൻ പോരാട്ടത്തെ ഞെട്ടിച്ച് സൗദിയുടെ വിജയ ഗോൾ പിറന്നത്. സലീം അൽ-ദൗസാരി നൽകിയ പാസ്സിൽ നിന്നും മുഹമ്മദ് കണ്ണോ തല വെച്ചാണ് സൗദിക്ക് സെമി ടിക്കറ്റ് ഉറപ്പിച്ചത്. സമനില ഗോളിനായി ഫലസ്തീൻ അവസാന മിനുറ്റുകളിൽ ശ്രമിച്ചെങ്കിലും നേടാനായില്ല.



