വാഷിംഗ്ടൺ– ലോകഫുട്ബോൾ ആരാധകരെ ആവേശത്തിലായിത്തുന്ന ഫിഫ ലോകകപ്പിലേക്കുള്ള ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി പത്തരയ്ക്കാണ് നറുക്കെടുപ്പ് ആരംഭിക്കുക. വാഷിംഗ്ടണിലെ കെന്നഡി സെന്‍ററിൽ നടക്കുന്ന ചടങ്ങ് ഫിഫ ഡോട്ട് കോമിലും ഫിഫ യുട്യൂബ് ചാനലിലും ആരാധകർക്ക് തത്സമയം കാണാൻ സാധിക്കും.
2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ രാജ്യങ്ങളിലായി സംയുക്തമായി നടക്കുന്ന ലോകകപ്പിൽ 48 ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യമായാണ് ലോകകപ്പിൽ 48 ടീമുകൾ പന്ത് തട്ടാൻ തയ്യാറാക്കുന്നത്. ഇവരിൽ 42 ടീമുകളും ലോകകപ്പിലേക്ക് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്. ബാക്കി ആറ് ടീമുകളെ 2026 മാർച്ചിൽ നടക്കുന്ന പ്ലേ ഓഫ് ലൂടെ നിർണ്ണയിക്കും. നാല് ടീമുകൾ അടങ്ങുന്ന 12 ഗ്രൂപ്പുകളാണ് ഇത്തവണത്തെ ലോകകപ്പിന്റെ ഫോർമാറ്റ്. ഇവയിൽ ആദ്യ രണ്ട് സ്ഥാനക്കാരും, മൂന്നാം സ്ഥാനക്കാരിൽ മികച്ച എട്ടു ടീമുകളും റൗണ്ട് ഓഫ് 32 ലേക്ക് കടക്കും.
അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പ്. കമ്പ്യൂട്ടറിന്‍റെ സഹായത്തോടെയാണ് നറുക്കെടുപ്പ് നടക്കുന്നത്. ഫിഫ റാങ്കിംഗിന്‍റെ അടിസ്ഥാനത്തിൽ നാല് പോട്ടുകളിലായി ടീമുകളെ തിരിച്ചിട്ടുണ്ട്. ആതിഥേയരായ കാനഡ, മെക്സിക്കോ, അമേരിക്ക എന്നിവർക്കൊപ്പം റാങ്കിങ്ങിൽ ആദ്യ സ്ഥാനങ്ങളിൽ ഉള്ള സ്പെയിൻ, അർജന്‍റീന, ഫ്രാൻസ്, ഇംഗ്ലണ്ട്, പോർച്ചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, ബെൽജിയം, ജർമ്മനി എന്നിവരാണ് ഒന്നാം പോട്ടിൽ.
പോട്ട് രണ്ടില്‍ ക്രൊയേഷ്യ, മൊറോക്കോ, കൊളംബിയ, ഉറുഗ്വേ, സ്വിറ്റ്സർലൻഡ്, ജപ്പാൻ, സെനഗൽ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഇക്വഡോർ, ഓസ്ട്രിയ, ഓസ്‌ട്രേലിയ ടീമുകളും മൂന്നിൽ നോർവേ, പനാമ, ഈജിപ്ത്, അൾജീരിയ, സ്കോട്ട്ലൻഡ്, പരാഗ്വേ, ടുണീഷ്യ, ഐവറി കോസ്റ്റ്, ഉസ്ബക്കിസ്ഥാൻ, ഖത്തർ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക എന്നിവരുമാണ്. അവസാന പോട്ടിൽ ജോർദാൻ, കേപ് വർഡ്, ഘാന, കുറസാവോ, ഹെയ്തി, ന്യൂസിലൻഡ് എന്നിവരെ കൂടാതെ യൂറോപ്യൻ പ്ലേഓഫിലെ നാലു ടീമുകളെയും ഫിഫ പ്ലേ ഓഫ് ടൂർണമെന്റിലെ രണ്ടു ടീമുകളെയും ഉൾപ്പെടുത്തും.
കോൺമബോൾ, ആഫ്രിക്കൻ, ഏഷ്യൻ ടീമുകളും ഒരു ഗ്രൂപ്പിൽ വരില്ല.മാത്രമല്ല ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരായ സ്പെയ്നും രണ്ടും സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരുമായ അർജന്‍റീനയും മൂന്നും നാലും സ്ഥാനക്കാരായ ഫ്രാൻസും ഇംഗ്ലണ്ടും ഫൈനലിന് മുമ്പ് ഏറ്റുമുട്ടുകയില്ല എന്നതും ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ്.
ഉസ്ബക്കിസ്ഥാൻ, ജോർദാൻ, കേപ് വർഡ്, കുറാസാവോ ടീമുകൾ ആദ്യമായാണ് ലോകകപ്പ് കളിക്കാൻ പോകുന്നത്. നോർവേ അടക്കമുള്ള വർഷങ്ങൾക്ക് ശേഷവുമാണ് ലോകകപ്പിലേക്ക് എത്തുന്നതും.



