മാഞ്ചസ്റ്റർ– എഫ്.എ കപ്പ് ക്വാർട്ടർ ഫൈനലിലെ തീപാറുന്ന പോരാട്ടത്തിൽ ലിവർപൂളിനെ ഗോളുകളിൽ ആറാടിച്ച് മാഞ്ചസ്റ്റർ സിറ്റി സെമി ഫൈനലിൽ പ്രവേശിച്ചു. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു സിറ്റിയുടെ ആധികാരിക വിജയം. സൂപ്പർ താരം എർലിംഗ് ഹാലണ്ടിന്റെ ഹാട്രിക് പ്രകടനമാണ് സിറ്റിയുടെ വിജയം അനായാസമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയ സിറ്റിക്ക് വേണ്ടി 39-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഗോളാക്കി മാറ്റി ഹാലണ്ട് വേട്ട തുടങ്ങി. ആദ്യ പകുതിയുടെ അധിക സമയത്ത് (45+2) അന്റോയിൻ സെമെന്യോയുടെ അസിസ്റ്റിൽ ഹാലണ്ട് തന്റെ രണ്ടാം ഗോൾ നേടി സിറ്റിയെ 2-0 ന് മുന്നിലെത്തിച്ചു. രണ്ടാം പകുതിയിലും സിറ്റി ആക്രമണം തുടർന്നു. 50-ാം മിനിറ്റിൽ റയാൻ ചെർക്കിയുടെ പാസ്സിൽ നിന്നും സെമെന്യോ മൂന്നാം ഗോൾ കണ്ടെത്തി. 57-ാം മിനിറ്റിൽ നിക്കോ ഒറെയ്‌ലിയുടെ പാസ്സിൽ നിന്നും ഗോൾ നേടി ഹാലണ്ട് തന്റെ ഹാട്രിക് പൂർത്തിയാക്കി. ഇതോടെ സിറ്റിയുടെ ഗോൾപ്പട്ടിക പൂർണ്ണമായി.
മറുഭാഗത്ത് ലിവർപൂളിന് ലഭിച്ച മികച്ചൊരു അവസരം മുഹമ്മദ് സലാ നഷ്ടപ്പെടുത്തി. 64-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി സലാ പാഴാക്കിയതോടെ ലിവർപൂളിന്റെ തിരിച്ചുവരവിനുള്ള നേരിയ പ്രതീക്ഷകളും അവസാനിച്ചു.
ഇന്ന് നടക്കുന്ന മറ്റൊരു ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ചെൽസി പോർട്ട് വെയ്ലിനെയും ആർസണൽ സതാംപ്ടണെയും നേരിടും.



