തായിഫ്– 22 വർഷത്തെ പ്രവാസ ജീവിതം മതിയാക്കി മൂവാറ്റുപുഴ പായിപ്ര മുളവൂർ കരയിൽ (നിരപ്പ്-കണ്ണാടിസിറ്റി) ഒ.എം ഷെരീഫ് നാടണഞ്ഞു. തനിക്ക് കൈവന്ന അപൂർവ്വ സൗഭാഗ്യത്തിന്റെ നിർവൃതിയിലാണ് ഷെരീഫ് നാട്ടിലേക്ക് മടങ്ങിയത്. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന പ്രവാസ ജീവിതത്തിനിടയിൽ ഒരു നിമിത്തം പോലെ ഹജ്ജ് സേവകനായ ഷെരീഫ് തുടർച്ചയായ 14 വർഷമാണ് ഈ രംഗത്ത് സേവനമനുഷ്ഠിച്ചത്.
2003 ൽ തായിഫിലെത്തിയ ഷെരീഫ് കമ്പനിയിലും സ്വന്തമായും ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു. ഇതിനിടയിലാണ് നിനച്ചിരിക്കാതെ ഹജ്ജ് വളണ്ടിയർ സേവന രംഗത്തേക്ക് കടക്കുന്നത്. മൂവാറ്റുപുഴ സ്വദേശിയും കെഎംസിസി പ്രവർത്തകനുമായ സിംപിൾ സിദ്ധീഖ് ഹാജിമാരുടെ സേവനത്തിനു വേണ്ടി മക്കത്തേക്ക് പോകുമ്പോൾ നീ വരുന്നോ എന്നൊരു ചോദ്യം. പിന്നെ ഐപിഡബ്ലിയുഎഫ് എന്നൊരു കോട്ടും തൊപ്പിയും തന്ന് മക്കയിലേക്ക് കൂട്ടി. നാട്ടിൽനിന്ന് ഹജ്ജിനുവന്ന ഭാര്യയുടെ അമ്മായിയെ കാണുക എന്നതായിരുന്നു മുഖ്യലക്ഷ്യം. മിനയിലെ സേവനം കഴിഞ്ഞ് തായിഫിലേക്ക് മടങ്ങാനിരിക്കുമ്പോഴാണ് അമ്മായി മിസ്സിംഗാണ് എന്ന ഫോൺ കോൾ വരുന്നത്. വളണ്ടിയേഴ്സിൻ്റെ തീവ്രമായ അന്വേഷണങ്ങൾക്കിടെ മൂന്നാംദിവസം ആളെ കണ്ടെത്തി. അന്നെടുത്ത പ്രതിജ്ഞയുടെ ബലത്തിലാണ് ഹജ്ജ് സേവനം പ്രവാസ ജീവിതത്തിന്റെ ഭാഗമായി മാറിയതും കഴിഞ്ഞ 14 വർഷമായി അത് പാലിച്ചു പോരുന്നതും. കെഎംസിസി സ്വന്തം നിലക്ക് ഹജ്ജ് സെൽ തുടങ്ങിയതോടെ തായിഫ് സെൻട്രൽ കമ്മിറ്റി ഹജ്ജ് വളണ്ടിയർ സെല്ലിൻ്റെ ഭാഗമായി. കഴിഞ്ഞ വർഷം മിനിസ്ട്രി ഓഫ് ഹജ്ജിൻ്റെ ലേബലിൽ കെഎംസിസിയുടെ ക്യാപ്പും ധരിച്ച് പ്രവർത്തിച്ചു. കോഴിക്കോട് നടന്ന മുസ്‌ലിംലീഗ് സംസ്ഥാന സമ്മേളനത്തിൽ മുവാറ്റുപുഴ മണ്ഡലം വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റനായിരുന്നു.
തായിഫ് സിറ്റി കമ്മിറ്റിയുടെ സജീവ പ്രവർത്തകനായ ഷെരീഫിന് സെൻട്രൽ കമ്മിറ്റി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വച്ച് സിറ്റി ഏരിയ കമ്മിറ്റി യാത്രയയപ്പ് നൽകി. ഹസൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് മുജീബ് കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി നേതാക്കളായ സലാം പുല്ലാളൂർ, അഷ്റഫ് താനാളൂർ, അബ്ബാസ് രാമപുരം, സലാം മുള്ളമ്പാറ വിവിധ ഏരിയ കമ്മിറ്റികളെ പ്രതിനിധീകരിച്ച് മജീദ് കൊയിലാണ്ടി, അബ്ദുൽ അസീസ് റഹ്മാനി, ഹാഷിം തിരുവനന്തപുരം, കാസിം ഇരുമ്പുഴി, ഫൈസൽ മാലിക് എ.ആർ നഗർ ആശംസകൾ നേർന്നു. ശരീഫ് ഓർക്കുഴി മറുപടി പ്രസംഗം നടത്തി.
ബാവ സാഹിബ്, റസാഖ് ശിവപുരം, റഷീദ് ഹിബ, ഷംസു തളിപ്പറമ്പ്, ഷഫീഖ് ലൈസ്, അഷ്റഫ് അറേബ്യൻ, ബഷീർ ഗർവ തുടങ്ങിയവർ നേതൃത്വം നൽകി. സിറ്റി കമ്മിറ്റി ജനറൽ സെക്രട്ടറി സുനീർ ആനമങ്ങാട് സ്വാഗതവും അഷ്റഫ് തളിപ്പറമ്പ് നന്ദിയും പറഞ്ഞു.



