ജിദ്ദ – മെയ് അഞ്ചു മുതല്‍ ഐഫോണുകളിലെ ഐ.ഒ.എസ് 15.1 നെക്കാള്‍ പഴയ പതിപ്പുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നത് നിര്‍ത്തുമെന്ന് ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോം ആയ വാട്‌സ് ആപ്പ് വെളിപ്പെടുത്തി. ഇത് ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് ഫോണുകളുടെ ഉപയോക്താക്കളെ ബാധിക്കും. ഐ.ഒ.എസ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ പുതിയ ഫോണുകള്‍ ആപ്ലിക്കേഷനുമായി പൊരുത്തപ്പെടുമെന്ന് വാട്‌സ് ആപ്പ് സ്ഥിരീകരിച്ചു.
സാങ്കേതിക വികാസങ്ങള്‍ക്കൊപ്പം ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഫീച്ചറുകള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനം. ഐ.ഒ.എസ് 15.1 ന് മുമ്പുള്ള പതിപ്പുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് അടുത്ത മെയ് മുതല്‍ വാട്‌സ് ആപ്പ് ഉപയോഗിക്കാന്‍ കഴിയില്ല. അടിസ്ഥാന വാട്‌സ് ആപ്പ് ആപ്ലിക്കേഷനും വാട്‌സ് ആപ്പ് ബിസിനസ് ആപ്ലിക്കേഷനും ഇത് ബാധകമാണ്.
എന്നാല്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കളെ തീരുമാനം ബാധിക്കില്ല. ഐ.ഒ.എസിന്റെ പുതിയ പതിപ്പുകളില്‍ മാത്രം ലഭ്യമാകുന്ന പുതിയ സാങ്കേതികവിദ്യകളെയാണ് ഈ മാറ്റം അവലംബിക്കുന്നത്. പുതിയ മെച്ചപ്പെടുത്തലുകള്‍ നല്‍കാന്‍ പഴയ കോഡുകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്.
സിസ്റ്റം അപ്‌ഡേറ്റ് ഐ.ഒ.എസ് 12.5.7 കവിയാത്ത ഐഫോണ്‍ 5 എസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ് എന്നീ ഫോണുകള്‍ ഉപയോഗിക്കുന്നവരെയാണ് ഈ തീരുമാനം പ്രധാനമായും ബാധിക്കുക. വാട്‌സ് ആപ്പ് ഉപയോഗിക്കുന്നത് തടുടരാന്‍ സാധിക്കുന്നതിന് ഉപയോക്താക്കള്‍ അവരുടെ ഫോണുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ പുതിയ ഐ.ഒ.എസ് പതിപ്പുകളെ പിന്തുണക്കുന്ന ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുകയോ വേണമെന്ന് വാട്‌സ് ആപ്പ് നിര്‍ദേശിച്ചു.