ചെന്നൈ- തമിഴ്‌നാട് രാഷ്ട്രീയത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചുകൊണ്ട് നടൻ വിജയ് മുഖ്യമന്ത്രി സ്ഥാനത്തേക്ക്. സർക്കാർ രൂപീകരിക്കാൻ ആവശ്യമായ 118 എം.എൽ.എമാരുടെ പിന്തുണ ഉറപ്പാക്കിയതോടെയാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) അധികാരത്തിലേറുന്നത്. സഭയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള രേഖകളുമായി വിജയ് ഉടൻ തന്നെ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. കോൺഗ്രസ്, ഇടത് പാർട്ടികൾ, വി.സി.കെ എന്നിവർ വിജയ്‌യുടെ പാർട്ടിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കേവല ഭൂരിപക്ഷം എന്ന കടമ്പ കടക്കാൻ ടി.വി.കെക്ക് സാധിച്ചത്.
വിജയ്‌യെ പിന്തുണയ്ക്കാൻ കോൺഗ്രസിൽ നിന്ന് അഞ്ച് എം.എൽ.എമാരും വി.സി.കെ, സി.പി.ഐ.എം, സി.പി.ഐ എന്നീ പാർട്ടികളിൽ നിന്ന് രണ്ട് എം.എൽ.എമാർ വീതവുമാണ് സമ്മതം അറിയിച്ചത്. ടി.വി.കെ നേതൃത്വം പിന്തുണ തേടി തങ്ങളെ സമീപിച്ചിരുന്നതായും പാർട്ടിക്കുള്ളിൽ നടത്തിയ വിശദമായ ചർച്ചകൾക്ക് ശേഷമാണ് ഈ തീരുമാനമെടുത്തതെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി വീരപാണ്ഡ്യൻ അറിയിച്ചു. ജനാധിപത്യത്തിൽ മുന്നേറ്റങ്ങളും തിരിച്ചടികളും സ്വാഭാവികമാണെന്നും തമിഴ്നാട്ടിലെ ജനങ്ങൾ വിജയ്‌യുടെ പാർട്ടിയെയാണ് തിരഞ്ഞെടുത്തതെന്നും സി.പി.ഐ.എമ്മുമായി ചേർന്ന് നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ജനവിധിയെ മാനിച്ച് ജനാധിപത്യപരമായ രീതിയിലാണ് പിന്തുണ നൽകാൻ തീരുമാനിച്ചതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.



