ചെന്നൈ- തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ജനപ്രിയ തീരുമാനങ്ങളുമായി വിജയ്. 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേന, ലഹരിക്കെതിരായ നടപടികൾക്കായി പ്രത്യേക പട്രോൾ സംഘം എന്നിവയുൾപ്പെടെയുള്ള സുപ്രധാന തീരുമാനങ്ങളിലാണ് അദ്ദേഹം ആദ്യമായി ഒപ്പിട്ടത്. പ്രതിമാസം 500 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്ന വീടുകൾക്കാണ് 200 യൂണിറ്റ് വരെ സൗജന്യമായി ലഭിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ അദ്ദേഹം ഔദ്യോഗികമായി ചുമതലയേറ്റെടുത്തു. പൊതുഭരണം, ആഭ്യന്തരം, പൊലീസ് എന്നീ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
സുതാര്യമായ ഭരണമായിരിക്കും തന്റെ ലക്ഷ്യമെന്ന് അധികാരമേറ്റ ശേഷം വിജയ് പറഞ്ഞു. താൻ ഒരിക്കലും തെറ്റ് ചെയ്യില്ലെന്നും തെറ്റ് ചെയ്യുന്നവർ തന്റെ കൂടെയുള്ളവരായാൽ പോലും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ജനങ്ങൾക്ക് സാധ്യമായ വാഗ്ദാനങ്ങൾ മാത്രമേ താൻ നൽകുകയുള്ളൂവെന്നും വ്യാജ വാഗ്ദാനങ്ങൾ നൽകി ആരെയും വഞ്ചിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോടിക്കണക്കിന് ജനങ്ങൾ ഒപ്പമുണ്ടായാൽ എന്തും സാധ്യമാക്കാമെന്ന ആത്മവിശ്വാസമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
തമിഴ്‌നാടിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ധവളപത്രം പുറത്തിറക്കുമെന്നും വിജയ് പ്രഖ്യാപിച്ചു. സംസ്ഥാനത്തിന്റെ കടം 10 ലക്ഷം കോടി രൂപ പിന്നിട്ടിരിക്കുകയാണെന്നും ഖജനാവ് പൂർണ്ണമായും ശൂന്യമാണെന്നുമാണ് അദ്ദേഹം പറയുന്നത്. വലിയ സാമ്പത്തിക ബാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. ഭരണത്തിൽ എത്തിയ ശേഷം മാത്രമേ യഥാർത്ഥ അവസ്ഥ ബോധ്യപ്പെടുകയുള്ളൂ. അതിനാൽ കാര്യങ്ങൾ വിലയിരുത്തിയ ശേഷം ജനങ്ങളോട് സത്യാവസ്ഥ തുറന്നുപറയുന്ന സുതാര്യമായ ഭരണമായിരിക്കും തന്റെ ആദ്യ മുൻഗണനയെന്നും വിജയ് വിശദീകരിച്ചു.



