വാഷിംഗ്ടൺ- ഗൾഫ് മേഖലയിലെ ഹോർമുസ് കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന വാണിജ്യ കപ്പലുകൾക്ക് തിങ്കളാഴ്ച മുതൽ അമേരിക്കൻ സൈന്യം സുരക്ഷയൊരുക്കും. ലോകരാജ്യങ്ങളുടെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ‘ഓപ്പറേഷൻ പ്രോജക്റ്റ് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ ദൗത്യം തിങ്കളാഴ്ച രാവിലെ ആരംഭിക്കും. ഇറാൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ, അമേരിക്ക എന്നിവരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനും കപ്പലുകൾക്ക് തടസ്സമില്ലാതെ ബിസിനസ്സ് നടത്താനുമാണ് ഈ നടപടി. മാസങ്ങളായി കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിൽ ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും തീരാറായ സാഹചര്യം പരിഗണിച്ചാണ് ഇതൊരു മാനുഷിക നടപടിയായി അമേരിക്ക പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദൗത്യത്തെ തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
വാണിജ്യ കപ്പലുകളുടെ യാത്രാസ്വാതന്ത്ര്യം ഉറപ്പാക്കാൻ 15,000 സൈനികരെയും നൂറിലധികം വിമാനങ്ങളെയും മിസൈൽ പ്രതിരോധ കപ്പലുകളെയുമാണ് യുഎസ് സജ്ജമാക്കിയിരിക്കുന്നത്. പ്രാദേശിക സുരക്ഷയ്ക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഈ സൈനിക നീക്കം അനിവാര്യമാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കി. അതേസമയം, ഹോർമുസ് കടലിടുക്കിലെ അമേരിക്കൻ ഇടപെടലിനെ വെടിനിർത്തൽ കരാറിന്റെ ലംഘനമായി കാണുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. മേഖലയിലെ പുതിയ സാഹചര്യങ്ങളിൽ യുഎസ് ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ഇറാൻ പാർലമെന്റിലെ വിദേശനയ സമിതി അധ്യക്ഷൻ ഇബ്രാഹിം അസീസി വ്യക്തമാക്കി.
യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാനുമായി പോസിറ്റീവായ ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. സമാധാനത്തിനായി ഇറാൻ സമർപ്പിച്ച 14 നിർദ്ദേശങ്ങൾക്ക് പാകിസ്ഥാൻ മധ്യസ്ഥർ വഴി അമേരിക്ക മറുപടി നൽകിയിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഫെബ്രുവരിയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ഇറാൻ കടലിടുക്ക് അടച്ചതും അമേരിക്ക ഇറാൻ തുറമുഖങ്ങളിൽ ഉപരോധം ഏർപ്പെടുത്തിയതുമാണ് കപ്പലുകൾ കുടുങ്ങാൻ കാരണമായത്. നിലവിൽ തൊള്ളായിരത്തോളം കപ്പലുകളാണ് ഇത്തരത്തിൽ ഗൾഫ് മേഖലയിൽ യാത്ര തുടരാനാവാതെ നിൽക്കുന്നത്. നേരത്തെ ഏപ്രിലിൽ ഒരു വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നെങ്കിലും യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനുള്ള കരാറിൽ ഇരുരാജ്യങ്ങളും ഇതുവരെ എത്തിയിട്ടില്ല.



