റാമല്ല: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‌ലുസിന് തെക്ക് ഓസ്‌രീൻ, അഖ്‌റബ ഗ്രാമങ്ങൾക്കിടയിൽ മസ്ജിദും ഫലസ്തീനിയുടെ കാറും ജൂത കുടിയേറ്റക്കാർ കത്തിച്ചു. ഇസ്രായിൽ ജനത നീണാൾ വാഴട്ടെ, ജൂതന്മാരുടെ രക്തം വിലയേറിയതാണ് എന്നീ മുദ്രാവാക്യങ്ങൾ കുടിയേറ്റക്കാർ മസ്ജിദ് ചുവരുകളിൽ എഴുതിയതായി ജർമൻ പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇസ്രായിൽ പോലീസ് അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ ഉൾപ്പെട്ട ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഇസ്രായിലി പത്രമായ യെദിയോത്ത് അഹ്‌റോനോത്ത് റിപ്പോർട്ട് ചെയ്തു.
അതിനിടെ, ആണവ ബോംബുകൾ വർഷിച്ച് ഗാസ തർത്ത് തരിപ്പണമാക്കണമെന്ന് യു.എസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ അംഗം റാണ്ടി ഫെയ്ൻ ആവശ്യപ്പെട്ടു. ഫലസ്തീൻ പ്രശ്‌നം ഒരു ദുഷ്ട വിഷയമാണെന്നതാണ് യാഥാർത്ഥ്യമെന്ന് അമേരിക്കൻ ജൂത കമ്മിറ്റിയുടെ പരിപാടി നടന്ന വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് പുറത്തുണ്ടായ വെടിവെപ്പിൽ രണ്ട് ഇസ്രായിലി എംബസി ജീവനക്കാർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് റാണ്ടി ഫെയ്ൻ പറഞ്ഞു. ഗാസ സംഘർഷത്തിന്റെ ഏക അവസാനം ഇസ്‌ലാമിക ഭീകരതയെ പിന്തുണക്കുന്നവരുടെ പൂർണവും സമ്പൂർണവുമായ കീഴടങ്ങലാണ്.
രണ്ടാം ലോകമഹായുദ്ധത്തിൽ ഞങ്ങൾ നാസികളുമായി കീഴടങ്ങൽ ചർച്ച നടത്തിയില്ല. ജപ്പാനുമായി കീഴടങ്ങൽ ചർച്ച നടത്തിയില്ല. നിരുപാധികമായ കീഴടങ്ങൽ ലഭിക്കാൻ ഞങ്ങൾ ജപ്പാനിൽ രണ്ടുതവണ ആണവ ബോംബ് വർഷിച്ചു. ഗാസയിലും അത് അങ്ങിനെ തന്നെ ആയിരിക്കണം. ഈ സംസ്‌കാരത്തിൽ എന്തോ ആഴത്തിലുള്ള തെറ്റുണ്ട്, അതിനെ പരാജയപ്പെടുത്തണമെന്ന് റാണ്ടി ഫെയ്ൻ പറഞ്ഞു.
വടക്കുപടിഞ്ഞാറൻ വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിൽ സംഘടിപ്പിച്ച പാർട്ടിയിൽ നിന്ന് പുറത്തുപോകുന്നതിനിടെ രണ്ട് ഇസ്രായിലി എംബസി ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ ഉദ്ദേശ്യങ്ങൾ വാഷിംഗ്ടൺ പോലീസ് ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സ്വതന്ത്ര ഫലസ്തീനിനു വേണ്ടി മുദ്രാവാക്യം വിളിച്ച് വെടിവെപ്പ് നടത്തിയ അക്രമിയെ പിന്നീട് അറസ്റ്റ് ചെയ്തു. ആക്രമണം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. ആക്രമണത്തെ സെമിറ്റിക് വിരുദ്ധം എന്ന് മുദ്രകുത്തി. ഇസ്രായിൽ ഇതിനെ ഇസ്രായിലിനെതിരായ പ്രേരണ എന്ന് വിശേഷിപ്പിച്ചു.
ചിക്കാഗോയിൽ നിന്നുള്ള 31-കാരനായ ഏലിയാസ് റോഡ്രിഗസ് ആണ് വെടിയുതിർത്തത്. പ്രതി ക്രമരഹിതമായി പാർട്ടിയെ ലക്ഷ്യം വച്ചതാണെന്നും സ്ഥലത്തെത്തുന്നതിന് മുമ്പ് യുവാവിന് പ്രത്യേക ലക്ഷ്യമൊന്നുമില്ലായിരുന്നുവെന്നും വേദി വിട്ട് ആദ്യം പുറത്തുപോയ ആളെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയായിരുന്നുവെന്നും പോലീസ് വിശ്വസിക്കുന്നതായി അന്വേഷണവുമായി ബന്ധമുള്ള ഉദ്യോഗസ്ഥൻ പറഞ്ഞു.
1945 ഓഗസ്റ്റിൽ രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനത്തിൽ ജപ്പാൻ യുദ്ധത്തിൽ കീഴടങ്ങാൻ വിസമ്മതിച്ചതിനാൽ അമേരിക്ക ജാപ്പനീസ് നഗരങ്ങളായ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബുകൾ പ്രയോഗിക്കുകയായിരുന്നു. ചരിത്രത്തിൽ ആണവായുധങ്ങൾ ഉപയോഗിച്ചുള്ള ഒരേയൊരു ആക്രമണമായിരുന്നു ഇവ.