ബെയ്‌റൂത്ത്– ലെബനോനിൽ കഴിയുന്ന തങ്ങളുടെ പൗരന്മാർ എത്രയും വേഗം രാജ്യം വിടണമെന്ന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് കർശന നിർദേശം നൽകി. നിലവിൽ ലഭ്യമായ വാണിജ്യ വിമാന സർവീസുകൾ ഉപയോഗപ്പെടുത്തി ഉടൻ മടങ്ങാനാണ് നിർദേശം. ലെബനോനിലെ സുരക്ഷാ സാഹചര്യം അതീവ സങ്കീർണ്ണമാണെന്നും ഏത് നിമിഷവും സ്ഥിതിഗതികൾ മാറിമറിയാൻ സാധ്യതയുണ്ടെന്നും ബെയ്‌റൂത്തിലെ യു.എസ് എംബസി അറിയിച്ചു. മേഖലയിൽ സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ സുരക്ഷ മുൻനിർത്തിയാണ് പൗരന്മാരോട് മടങ്ങാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
തെക്കൻ ലെബനോനിൽ ഇസ്രായിലും ഹിസ്ബുല്ലയും തമ്മിലുള്ള പിരിമുറുക്കം ശക്തമാകുന്നതാണ് അമേരിക്കയുടെ ഈ പെട്ടെന്നുള്ള നീക്കത്തിന് പിന്നിൽ. വെടിനിർത്തൽ ലംഘിച്ചതിന് തിരിച്ചടിയായി ബുധനാഴ്ച വൈകുന്നേരം ഖന്തറ ഗ്രാമത്തിൽ വെച്ച് ഇസ്രായിൽ സൈനിക വാഹനത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഹിസ്ബുല്ല പ്രഖ്യാപിച്ചിരുന്നു. ഇതോടെ അതിർത്തി മേഖലയിൽ നിലവിലുള്ള സമാധാന അന്തരീക്ഷം കൂടുതൽ ദുർബലമായിരിക്കുകയാണ്.
ലെബനോൻ അതിർത്തിയിലെ നിലവിലെ വെടിനിർത്തൽ സംവിധാനം ഏത് നിമിഷവും തകർന്നേക്കാമെന്നാണ് ഇസ്രായിൽ സൈനിക വൃത്തങ്ങളുടെയും വിലയിരുത്തൽ. വെടിനിർത്തൽ കരാർ പൂർണ്ണമായും പരാജയപ്പെട്ടാൽ ഹിസ്ബുല്ലയും ഇസ്രായിലും തമ്മിൽ വീണ്ടും രൂക്ഷമായ ഏറ്റുമുട്ടലിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്. ഇത്തരം പ്രത്യാഘാതങ്ങൾ മുൻകൂട്ടി കണ്ടാണ് അമേരിക്കൻ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്.



