തെഹ്‌റാൻ– ലോകത്തെ മറ്റ് രാജ്യങ്ങൾക്ക് മേൽ സ്വന്തം നയങ്ങൾ അടിച്ചേൽപ്പിക്കാൻ അമേരിക്കയ്ക്ക് ഇനി കഴിയില്ലെന്ന് ഇറാൻ വ്യക്തമാക്കി. യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ മുന്നോട്ടുവെച്ച പുതിയ നിർദ്ദേശങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഇറാന്റെ ഈ കടുത്ത പ്രതികരണം. മറ്റ് രാജ്യങ്ങൾ എന്ത് ചെയ്യണമെന്ന് നിർദ്ദേശിക്കാനുള്ള അമേരിക്കയുടെ അധികാരം അവസാനിച്ചുവെന്നും, യുക്തിരഹിതവും നിയമവിരുദ്ധവുമായ ആവശ്യങ്ങൾ ഉന്നയിക്കുന്നത് അവർക്ക് ഉപേക്ഷിക്കേണ്ടി വരുമെന്നും ഇറാൻ പ്രതിരോധ മന്ത്രാലയ വക്താവ് റിസ തലായി നിക് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ ഏത് രീതിയിൽ മുന്നോട്ട് പോകുമെന്ന് ലോകം ഉറ്റുനോക്കുന്ന സാഹചര്യത്തിലാണ് ഇറാന്റെ ഈ നിലപാട്.
അതേസമയം, മേഖലയിലെ സുരക്ഷാ സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി തങ്ങളുടെ പ്രതിരോധ ശേഷി മറ്റ് സ്വതന്ത്ര രാജ്യങ്ങളുമായി പങ്കുവെക്കാൻ തയ്യാറാണെന്നും ഇറാൻ അറിയിച്ചു. കിർഗിസ്ഥാൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടന്ന ഷാങ്ഹായ് സഹകരണ സംഘടനയിലെ (SCO) പ്രതിരോധ മന്ത്രിമാരുടെ യോഗത്തിലാണ് ഇറാന്റെ ഡെപ്യൂട്ടി പ്രതിരോധ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേകിച്ച് ഷാങ്ഹായ് സഹകരണ സംഘടനയിലെ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തങ്ങൾ താല്പര്യപ്പെടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുടെ സമ്മർദ്ദ തന്ത്രങ്ങളെ പ്രതിരോധിക്കാൻ പ്രാദേശിക കൂട്ടായ്മകളെ ഉപയോഗിക്കാനാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.



