ഗാസ- യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വലിയ പ്രതീക്ഷയോടെ പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതി കടുത്ത പ്രതിസന്ധിയിലേക്ക്. പദ്ധതിയുടെ ഭാഗമായി ഗാസ മുനമ്പിന് സമീപം പ്രവർത്തിച്ചിരുന്ന പ്രധാന അമേരിക്കൻ സിവിലിയൻ-സൈനിക ഏകോപന കേന്ദ്രം അടച്ചുപൂട്ടാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇസ്രായിലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ നിരീക്ഷിക്കുന്നതിലും ദുരിതമനുഭവിക്കുന്ന ഫലസ്തീനികൾക്ക് സഹായമെത്തിക്കുന്നതിലും ഈ കേന്ദ്രം പരാജയപ്പെട്ടുവെന്ന വിമർശനം ശക്തമാണ്. ഒക്ടോബറിൽ വെടിനിർത്തൽ കരാർ നിലവിൽ വന്നെങ്കിലും ഇസ്രായിൽ ആക്രമണങ്ങൾ തുടരുന്നതും ആയുധം താഴെവെക്കാൻ ഹമാസ് വിസമ്മതിക്കുന്നതും ട്രംപിന്റെ 20 ഇന സമാധാന പദ്ധതിയെ നേരത്തെ തന്നെ ദുർബലപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഏകോപന കേന്ദ്രം നിർത്തലാക്കാനുള്ള നീക്കം നടക്കുന്നത്.
ഗാസയിൽ ഇസ്രായിൽ കൂടുതൽ മേഖലകളിൽ നിയന്ത്രണം ഉറപ്പിക്കുകയും ഹമാസ് തങ്ങളുടെ സ്വാധീനം നിലനിർത്തുകയും ചെയ്യുന്നതോടെ അമേരിക്കയുടെ സമാധാന ശ്രമങ്ങൾ പാളുന്നതായാണ് നയതന്ത്രജ്ഞരുടെ വിലയിരുത്തൽ. നിലവിലുള്ള ഏകോപന കേന്ദ്രം അടച്ചുപൂട്ടിയ ശേഷം അതിന്റെ ഉത്തരവാദിത്തങ്ങൾ ഗാസയിൽ വിന്യസിക്കാൻ പോകുന്ന ‘അന്താരാഷ്ട്ര സുരക്ഷാ സേനയ്ക്ക്’ കൈമാറും. ഈ പുനഃസംഘടനയുടെ ഭാഗമായി കേന്ദ്രത്തിലെ യുഎസ് സൈനികരുടെ എണ്ണം 190-ൽ നിന്ന് 40 ആയി കുറയ്ക്കാനാണ് തീരുമാനം. ബാക്കിയുള്ളവർക്ക് പകരം മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സിവിലിയൻ ജീവനക്കാരെ നിയമിക്കാനാണ് അമേരിക്കൻ പദ്ധതി. ഈ പുതിയ സംവിധാനം ‘ഇന്റർനാഷണൽ സെന്റർ ഫോർ ഗാസ സപ്പോർട്ട്’ എന്ന പേരിൽ അറിയപ്പെടുമെന്നും യുഎസ് മേജർ ജനറൽ ജാസ്പർ ജെഫേഴ്സ് ഇതിന് നേതൃത്വം നൽകുമെന്നും പറയപ്പെടുന്നു.
രണ്ട് വർഷത്തെ യുദ്ധത്തിൽ തകർന്ന ഗാസയുടെ പുനർനിർമ്മാണത്തിനായി ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ ഈ കേന്ദ്രത്തിലേക്ക് ഉദ്യോഗസ്ഥരെ അയച്ചിരുന്നു. എന്നാൽ വെടിനിർത്തൽ നടപ്പിലാക്കാനോ സഹായവിതരണം ഉറപ്പാക്കാനോ ഈ കേന്ദ്രത്തിന് കാര്യമായ അധികാരം ഉണ്ടായിരുന്നില്ലെന്ന് നയതന്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നു. വെടിനിർത്തൽ കരാറിന് ശേഷം മാത്രം 800-ലധികം ഫലസ്തീനികളും നാല് ഇസ്രായിൽ സൈനികരും കൊല്ലപ്പെട്ടു എന്നത് പദ്ധതിയുടെ പരാജയമായി വിലയിരുത്തപ്പെടുന്നു. കുറച്ചു രാജ്യങ്ങൾ മാത്രമേ അന്താരാഷ്ട്ര സുരക്ഷാ സേനയിലേക്ക് സൈന്യത്തെ അയക്കാൻ തയ്യാറായിട്ടുള്ളൂ എന്നതും ഗാസയിൽ യുഎസ് നേരിട്ട് സൈന്യത്തെ ഇറക്കില്ല എന്ന നിലപാടും സമാധാന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നു. നിലവിലെ മാറ്റം പദ്ധതിയുടെ ആക്കം കുറഞ്ഞതിന്റെ ലക്ഷണമാണെന്നാണ് നയതന്ത്ര വൃത്തങ്ങൾ വ്യക്തമാക്കുന്നത്.



