സന്‍ആ – യെമനിലെ ഇറാന്‍ പിന്തുണയുള്ള ഹൂത്തി മിലീഷ്യക്ക് വരാനിരിക്കുന്നത് കൂടുതല്‍ മോശവും വേദനാജനകവുമായ ആക്രമണമായിരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ഹൂത്തികള്‍ക്ക് മുന്നിലുള്ള ഓപ്ഷന്‍ വ്യക്തമാണ്. അമേരിക്കന്‍ കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണം നിര്‍ത്തുക, ഞങ്ങള്‍ നിങ്ങളെ ആക്രമിക്കുന്നത് നിര്‍ത്തും. അല്ലെങ്കില്‍, നമ്മള്‍ ഇപ്പോള്‍ തുടങ്ങിയിട്ടേയുള്ളൂ, യഥാര്‍ത്ഥ വേദന ഇനിയും വരാനിരിക്കുന്നതേയുള്ളൂ… ഹൂത്തികള്‍ക്കും ഇറാനിലെ അവരുടെ രക്ഷാധികാരികള്‍ക്കും – ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ ട്രംപ് പറഞ്ഞു.
കപ്പല്‍ ഗതാഗതത്തിന് ഭീഷണിയായ ഹൂത്തികളുടെ ശേഷികള്‍ അതിവേഗം നശിപ്പിക്കപ്പെടുന്നു. യെമനിലെ ഹൂത്തികള്‍ക്കെതിരെ ഞങ്ങള്‍ രാവും പകലും ശക്തമായ ആക്രമണം തുടരുകയാണ്. ഹൂത്തികള്‍ സമുദ്ര ഗതാഗത സ്വാതന്ത്ര്യത്തിന് ഭീഷണിയല്ലാതാകുന്നതു വരെ അമേരിക്കന്‍ ആക്രമണങ്ങള്‍ തുടരും. യെമനിലെ ഹൂത്തികള്‍ക്കെതിരായ ഞങ്ങളുടെ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങള്‍ അവരെ ദുര്‍ബലപ്പെടുത്തി, അവരുടെ നിരവധി നേതാക്കളെ ഇല്ലാതാക്കി – ട്രംപ് പറഞ്ഞു.
അതേസമയം, കിഴക്കന്‍ യെമനിലെ മാരിബ് ഗവര്‍ണറേറ്റിന്റെ വ്യോമാതിര്‍ത്തിയില്‍ തങ്ങളുടെ സൈന്യം അമേരിക്കന്‍ ഡ്രോണ്‍ വെടിവെച്ചിട്ടതായി ഹൂത്തി ഗ്രൂപ്പ് പറഞ്ഞു. പ്രാദേശികമായി നിര്‍മിച്ച ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ച് മാരിബ് ഗവര്‍ണറേറ്റിന്റെ വ്യോമാതിര്‍ത്തിയില്‍ എം.ക്യു-9 ഇനത്തില്‍ പെട്ട അമേരിക്കന്‍ ഡ്രോണ്‍ വ്യോമ പ്രതിരോധ സേന വെടിവച്ചു വീഴ്ത്തിയതായി ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയെ പിന്തുണക്കാനുള്ള പോരാട്ടത്തില്‍ ഹൂത്തി വ്യോമ പ്രതിരോധ സേന വിജയകരമായി വെടിവെച്ചിടുന്ന പതിനാറാമത്തെ അമേരിക്കന്‍ ഡ്രോണ്‍ ആണിത്. ചെങ്കടലിലും അറബിക്കടലിലും ഇസ്രായിലി കപ്പലുകളുടെ സഞ്ചാരം തടയുന്നത് തങ്ങള്‍ തുടരും. ഗാസയിലെ ആക്രമണം അവസാനിപ്പിക്കുകയും ഉപരോധം പിന്‍വലിക്കുകയും ചെയ്യുന്നതു വരെ ഞങ്ങള്‍ ഫലസ്തീന്‍ ജനതയെ പിന്തുണക്കുന്നത് തുടരും. വരും ദിവസങ്ങളില്‍ എല്ലാ ശത്രു യുദ്ധക്കപ്പലുകള്‍ക്കുമെതിരെ കൂടുതല്‍ ആക്രമണങ്ങള്‍ നടത്താന്‍ തങ്ങള്‍ മടിക്കില്ലെന്നും ഹൂത്തി സൈനിക വക്താവ് യഹ്യ സരീഅ് വ്യക്തമാക്കി.
ഗാസക്കുള്ള പിന്തുണയെന്നോണം ഇസ്രായിലി കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണം പുനരാരംഭിക്കുമെന്ന് ഇറാനുമായി സഖ്യത്തിലേര്‍പ്പെട്ട ഹൂത്തികള്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മാര്‍ച്ച് 15 മുതല്‍ അമേരിക്കയും ഹൂത്തികളും തമ്മിലുള്ള സൈനിക നടപടി കൂടുതല്‍ വഷളായി. മാര്‍ച്ച് മധ്യം മുതല്‍ യെമനില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണങ്ങളില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 57 പേര്‍ മരിക്കുകയും 132 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ഹൂത്തി നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയ വക്താവ് അനീസ് അല്‍അസ്ബഹി പറഞ്ഞു.