33 ഇസ്രായിലി ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസ്
ഗാസ – അമേരിക്കന്‍ പ്രസിഡന്റ് ആയി താന്‍ സ്ഥാനമേല്‍ക്കുന്ന ജനുവരി 20 നു മുമ്പ് ഇസ്രായിലി ബന്ദികളെ ഹമാസ് വിട്ടയക്കാത്ത പക്ഷം മധ്യപൗരസ്ത്യദേശത്തെ നരകമാക്കി മാറ്റുമെന്ന് ഡൊണാള്‍ഡ് ട്രംപ് ഭീഷണി മുഴക്കി. അമേരിക്കയുടെ ദീര്‍ഘവും സമ്പന്നവുമായ ചരിത്രത്തില്‍ ഏതൊരു വ്യക്തിക്കും ലഭിച്ചതിനേക്കാള്‍ കഠിനമായ പ്രഹരമാണ് ബന്ദികളെ വിട്ടയക്കാത്തവര്‍ക്ക് ലഭിക്കുക. ബന്ദികളെ ഇപ്പോള്‍ തന്നെ മോചിപ്പിക്കണമെന്ന് ഫലസ്തീന്‍ വിഭാഗങ്ങളോട്, സ്വന്തം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ആയ ‘ട്രൂത്ത് സോഷ്യലി’ല്‍ പോസ്റ്റ് ചെയ്ത സന്ദേശത്തില്‍ ട്രംപ് ആവശ്യപ്പെട്ടു.
അമേരിക്കന്‍, ഇസ്രായില്‍ ഇരട്ട പൗരത്വമുള്ള ബന്ദിയായ ഐഡന്‍ അലക്‌സാണ്ടറിന്റെ (20) വീഡിയോ കഴിഞ്ഞ ശനിയാഴ്ച ഹമാസ് പുറത്തുവിട്ടിരുന്നു. ഗാസയില്‍ തടവിലാക്കപ്പെട്ടവരുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ക്ക് തന്റെ സ്വാധീനവും സാധ്യമായ എല്ലാ വഴികളും ഉപയോഗിക്കാന്‍ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഐഡന്‍ അലക്‌സാണ്ടര്‍ ആവശ്യപ്പെട്ടിരുന്നു. ‘ഈ പേടിസ്വപ്‌നം അവസാനിപ്പിക്കാന്‍ സമയമായി’ എന്ന് വീഡിയോയില്‍ ഐഡന്‍ അലക്‌സാണ്ടര്‍ പറഞ്ഞു.
അതേസമയം,ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇസ്രായില്‍ സൈന്യവും കാരണം ഒരു വര്‍ഷത്തിലേറെയായി ഇസ്രായില്‍ തുടരുന്ന യുദ്ധത്തില്‍ 33 ബന്ദികള്‍ കൊല്ലപ്പെട്ടതായും ചില ബന്ദികൾ എവിടെയാണെന്ന വിവരം നഷ്ടപ്പെട്ടതായും ഹമാസ് അറിയിച്ചു. ഗാസയില്‍ യുദ്ധം തുടരുന്നതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ തടവുകാരെ എന്നെന്നേക്കുമായി നഷ്ടപ്പെട്ടേക്കാമെന്ന് ഹമാസ് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി. വളരെ വൈകുന്നതിനു മുമ്പ് നിങ്ങള്‍ ചെയ്യേണ്ടത് ചെയ്യുക – ഹമാസ് പറഞ്ഞു. കൊല്ലപ്പെട്ട തടവുകാരുടെ പേരുവിവരങ്ങളോ ഏതെല്ലാം രാജ്യക്കാരാണ് കൊല്ലപ്പെട്ടതെന്നോ ഹമാസ് വെളിപ്പെടുത്തിയിട്ടില്ല.
ഈ പ്രസ്താവന പുറത്തിറക്കി താമസിയാതെ, ബന്ദികളുടെ മരണ സമയത്തെയും രീതിയെയും കുറിച്ച വിശദാംശങ്ങള്‍ അടങ്ങിയ ഒരു വീഡിയോ ഹമാസ് പുറത്തുവിട്ടു. ഇവരുടെ വിധിക്ക് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ഹമാസ് കുറ്റപ്പെടുത്തി. ഇക്കാര്യത്തില്‍ ഇതുവരെ ഇസ്രായില്‍ സൈന്യം പ്രതികരിച്ചിട്ടില്ല.
ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണം തുടരുകയാണ്. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസയില്‍ വിവിധ സ്ഥലങ്ങളില്‍ ഇസ്രായില്‍ നടത്തിയ ബോംബാംക്രമണങ്ങളില്‍ ഇസ്രായിലി ബന്ദികള്‍ കൊല്ലപ്പെട്ടതായി ഹമാസിനു കീഴിലെ സൈനിക വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേരത്തെ അറിയിച്ചിരുന്നു. ബന്ദി മോചനവുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ബന്ദികളെ ഇസ്രായില്‍ ബോധപൂര്‍വം കൊലപ്പെടുത്തുകയാണെന്നും അല്‍ഖസ്സാം ബ്രിഗേഡ്‌സ് ആരോപിച്ചു.
ശേഷിക്കുന്ന ബന്ദികളെ വിട്ടയക്കാനുള്ള ഏതു കരാറിന്റെയും ഭാഗമായി ഗാസ യുദ്ധം അവസാനിപ്പിക്കണമെന്നും ഗാസയില്‍ നിന്ന് ഇസ്രായില്‍ സൈന്യം പൂര്‍ണമായി പിന്‍വാങ്ങണമെന്നും നേരത്തെ ഹമാസ് ആവശ്യപ്പെട്ടിരുന്നു. 2023 ഒക്‌ടോബര്‍ ഏഴിന് ഹമാസ് ഇസ്രായിലില്‍ നടത്തിയ മിന്നലാക്രമണത്തില്‍ 1,200 ഓളം പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളായി പിടിക്കുകയും ചെയ്തിരുന്നു. ഇതിന് തിരിച്ചടിയായി ഇസ്രായില്‍ ആരംഭിച്ച യുദ്ധത്തില്‍ ഗാസയില്‍ ഇതുവരെ 44,000 ലേറെ പേര്‍ കൊല്ലപ്പെടുകയും ഒരു ലക്ഷത്തിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ഗാസ നിവാസികളില്‍ ബഹുഭൂരിഭാഗവും അഭയാര്‍ഥികളാവുകയും ചെയ്തിട്ടുണ്ട്.