ന്യൂയോർക്ക്- ഗാസയെ പൂർണ്ണമായും ഇസ്രായിലിന്റെ ഭാഗമാക്കാനുള്ള നീക്കത്തിന് പിന്തുണമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗാസയെ സമ്പൂർണ്ണമായി വൃത്തിയാക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ്, ഈ മേഖലയിലുള്ള ഫലസ്തീനികളെ ഇസ്രായിലോ ജോർദാനോ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. മിഡിൽ ഈസ്റ്റിൽ സമാധാനം സ്ഥാപിക്കാൻ ഇതാണ് വഴിയെന്നും ട്രംപ് പറഞ്ഞു. “നിങ്ങൾ ഒന്നര ലക്ഷത്തോളം ആളുകളെക്കുറിച്ചാണ് സംസാരിക്കുന്നത്, ഞങ്ങൾ അത് മുഴുവൻ വൃത്തിയാക്കുകയാണ്,” ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു, ഗാസയെ “പൊളിക്കൽ സ്ഥലം” എന്നാണ് ട്രംപ് വിളിച്ചത്.
അതേസമയം, ഇസ്രായിലിന് 2000 പൗണ്ട് ഭാരമുള്ള ബോംബുകൾ വിതരണം ചെയ്യാനുള്ള നീക്കം തടഞ്ഞ അമേരിക്കയുടെ മുൻ പ്രസിഡന്റ് ജോ ബൈഡന്റ് തീരുമാനം റദ്ദാക്കി ട്രംപ് ഉത്തരവിട്ടു. ബോംബ് കൈമാറാനുള്ള നീക്കം തുടങ്ങിയതായും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ഞങ്ങൾ അവർക്ക് ബോംബുകൾ നൽകി. അവർ ആയുധങ്ങൾക്ക് പണം നൽകിയവരാണ്. വളരെക്കാലമായി അവർ ബോംബിനായി കാത്തിരിക്കുകയാണ്” ട്രംപ് എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഫലസ്തീൻ എൻക്ലേവിൽ, പ്രത്യേകിച്ച് ഗാസയിലെ റാഫയിൽ ഇസ്രായിൽ നടത്തുന്ന ആക്രമണം ഈ ബോംബുകൾ കൂടി പ്രയോഗിച്ചാൽ കൂടുതൽ തീവ്രമാകുമെന്നതിനാലാണ് ട്രംപ് ഇവയുടെ വിതരണം നിർത്തിവെച്ചത്.
2,000 പൗണ്ട് ഭാരമുള്ള ഒരു ബോംബിന് കട്ടിയുള്ള കോൺക്രീറ്റും ലോഹവും കീറിമുറിച്ച് കൂടുതൽ സ്ഥലത്ത് നാശം വിതക്കാനാകും. 2023 ഒക്ടോബർ 7-ന് ശേഷം 2,000 പൗണ്ട് ഭാരമുള്ള ബോംബുകൾ അമേരിക്ക ഇസ്രായിലിന് നൽകിയിരുന്നു. പിന്നീട് ഇവയുടെ കയറ്റുമതി നിർത്തിവെക്കുകയായിരുന്നു.