വാഷിംഗ്ടണ്‍ – ആണവ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഇറാനുമായി ഒരു കരാറിലെത്താൻ കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി വൈറ്റ് ഹൗസിൽ നടത്തിയ അടച്ചിട്ട മുറിയിലെ ചർച്ചകൾക്ക് ശേഷമാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. ഇറാൻ കരാറിന് തയ്യാറായില്ലെങ്കിൽ രാജ്യം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും, അത് അവർക്ക് വളരെ വേദനാജനകമായിരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ചർച്ചകൾ നടക്കണമെന്ന് ആഗ്രഹിക്കുമ്പോഴും ആവശ്യമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്ന സൂചനയും അദ്ദേഹം നൽകുന്നുണ്ട്. ഇസ്രായിലിന്റെ സുരക്ഷയ്ക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച ട്രംപ്, ഇറാനും ഒരു ഉടമ്പടിക്ക് താല്പര്യപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഉപരോധങ്ങൾ നീക്കി കിട്ടുകയാണെങ്കിൽ ആണവ പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്താൻ തയ്യാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ടെങ്കിലും, മിസൈൽ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യാൻ അവർ വിസമ്മതിച്ചു.
നിലവിലെ പിരിമുറുക്കം കുറയ്ക്കുന്നതിനായി ഒമാന്റെ മധ്യസ്ഥതയിൽ മസ്‌കത്തിൽ വെച്ച് അമേരിക്കയും ഇറാനും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. നയതന്ത്രജ്ഞർ തമ്മിൽ നടത്തിയ ആദ്യ റൗണ്ട് ചർച്ചകൾ പോസിറ്റീവ് ആണെന്നാണ് ഇരുപക്ഷവും വിലയിരുത്തുന്നത്. പ്രധാന വിഷയങ്ങളിൽ ഓരോ രാജ്യത്തിന്റെയും നിലപാടുകൾ വ്യക്തമാക്കിയ ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം, കൂടുതൽ ആഴത്തിലുള്ള ചർച്ചകൾക്കായി രണ്ടാം റൗണ്ട് ഉടൻ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ ചർച്ചകൾ ഏറെ നിർണ്ണായകമാണ്.



