വാഷിംഗ്ടൺ– പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ ഇറാൻ മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളിക്കളഞ്ഞു. ഇറാനുമായി ചർച്ചകൾ നടത്തിയെന്നും എന്നാൽ അവർ ഉന്നയിച്ച ആവശ്യങ്ങൾ തനിക്ക് സ്വീകാര്യമല്ലെന്നും ട്രംപ് വ്യക്തമാക്കി. ഒന്നുകിൽ ഇറാൻ ഉടൻ തങ്ങൾക്ക് സമ്മതമായ ഒരു കരാറിൽ ഒപ്പിടണം, അല്ലെങ്കിൽ അവരെ തകർക്കുമെന്ന കടുത്ത മുന്നറിയിപ്പാണ് ട്രംപ് നൽകിയിരിക്കുന്നത്. പാകിസ്ഥാൻ മധ്യസ്ഥതയിൽ ഇറാൻ നൽകിയ പരിഷ്കരിച്ച നിർദ്ദേശങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇറാൻ ഒരു സമാധാന കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്ന് തനിക്കറിയാമെന്ന് ട്രംപ് പറഞ്ഞു. എന്നാൽ നിലവിൽ അവർ നൽകിയ നിർദ്ദേശങ്ങളിൽ താൻ ഒട്ടും തൃപ്തനല്ല. ഇറാൻ്റെ ഭരണനേതൃത്വത്തിൽ വലിയ ഭിന്നതകളും കുഴപ്പങ്ങളും നടക്കുന്നുണ്ടെന്നാണ് വിവരമെന്നും അദ്ദേഹം പരിഹസിച്ചു. ഇപ്പോഴത്തെ നിർദ്ദേശങ്ങളിൽ മാറ്റം വരുത്തി പുതിയത് കൈമാറട്ടെ എന്നും അതുവരെ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ഫെബ്രുവരി 28-ന് ആരംഭിച്ച യുഎസ്-ഇസ്രായേൽ സംയുക്ത സൈനിക നീക്കം അറുപത് ദിവസം പിന്നിടുമ്പോഴാണ് ഈ നിർണ്ണായക പ്രസ്താവന വരുന്നത്.



