വാഷിംഗ്ടൺ– ഇറാനിൽ വധശിക്ഷ കാത്തു കഴിയുന്ന എട്ട് സ്ത്രീകളെ വിട്ടയക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഈ സ്ത്രീകളെ മോചിപ്പിക്കുന്നത് വരാനിരിക്കുന്ന ചർച്ചകൾക്ക് മികച്ച തുടക്കമാകുമെന്നും അവരെ ഉപദ്രവിക്കരുതെന്നും ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം ഇറാൻ ഭരണകൂടത്തോട് പറഞ്ഞു. വധശിക്ഷ നേരിടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ സഹിതം അമേരിക്കയിലെ ഇസ്രായേൽ അനുകൂല പ്രവർത്തകൻ ഇയാൽ യാക്കോബി പങ്കുവെച്ച കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.
ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി അമേരിക്കയുടെ നിലപാട് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാൻ തനിക്ക് താൽപ്പര്യമില്ലെന്നും എന്നാൽ ഇറാനുമായി ശക്തമായ ചർച്ചകൾ നടത്തി ഒരു മികച്ച കരാറിൽ എത്തുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. 2015-ൽ ഒബാമ ഭരണകൂടം ഇറാനുമായി ഒപ്പിട്ട ആണവ കരാർ അമേരിക്കയുടെ സുരക്ഷയെ ബാധിക്കുന്ന ഏറ്റവും മോശം കരാറുകളിൽ ഒന്നായിരുന്നുവെന്നും, അതിനേക്കാൾ മികച്ചതും ശക്തവുമായ കരാറാണ് തന്റെ ലക്ഷ്യമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം, പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ബുധനാഴ്ച രാവിലെ യു.എസ്-ഇറാൻ ചർച്ചകൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചർച്ചകളിൽ പങ്കെടുക്കുന്നതിനായി പാകിസ്ഥാനിലേക്ക് തിരിക്കും. രണ്ടാഴ്ചത്തെ വെടിനിർത്തൽ അവസാനിക്കാനിരിക്കെ രണ്ടാം ഘട്ട ചർച്ചകളിൽ നിന്ന് ഇറാൻ ആദ്യം പിന്മാറിയിരുന്നെങ്കിലും, പാകിസ്ഥാന്റെ ഇടപെടലിലൂടെ ചർച്ചകൾ പുനരാരംഭിക്കാൻ ധാരണയായിട്ടുണ്ട്. ഇതിനായി പ്രത്യേക പ്രതിനിധി സംഘത്തെ അയക്കുമെന്ന് ഇറാനും അറിയിച്ചു. ചർച്ചകൾക്കായി മധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാനിൽ നിന്നുള്ള ഉന്നത വൃത്തങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.



