ജിദ്ദ – ചെങ്കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന യാമ്പു സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നാണ്. മനോഹരമായ ബീച്ചുകളും ചരിത്ര, സാംസ്‌കാരിക കേന്ദ്രങ്ങളും സംയോജിപ്പിക്കുന്ന യാമ്പു എല്ലാ വിഭാഗത്തില്‍ പെട്ടവരുടെയും അഭിരുചികള്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവം പ്രദാനം ചെയ്യുന്നു. ചെങ്കടലിന്റെ മുത്ത് എന്ന പേരിലാണ് യാമ്പു അറിയപ്പെടുന്നത്. സമ്പന്നമായ ചരിത്രവും പൈതൃകവും പ്രതിഫലിപ്പിക്കുന്ന ഒരു കൂട്ടം സാംസ്‌കാരിക, ചരിത്ര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ യാമ്പുവിലുണ്ട്.
യാമ്പു ഹിസ്റ്റോറിക്കല്‍ ഏരിയ
2,500 വര്‍ഷം പഴക്കമുള്ള യാമ്പുവിലെ ഹിസ്റ്റോറിക്കല്‍ ഏരിയയില്‍ നഗരത്തിന്റെ ചരിത്രത്തെയും സംസ്‌കാരത്തെയും പ്രതിഫലിപ്പിക്കുന്ന സമ്പന്നമായ പൈതൃകം, ചരിത്രപരമായ കെട്ടിടങ്ങള്‍, പരമ്പരാഗത വിപണികള്‍ എന്നിവയുണ്ട്. ചെങ്കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശം കണ്ടെത്തലുകള്‍ക്കും വിനോദത്തിനുമുള്ള അസാധാരണ വിനോദസഞ്ചാര കേന്ദ്രമാണ്.
ലോറന്‍സ് ഹൗസ്
ലോറന്‍സ് ഓഫ് അറേബ്യ എന്നറിയപ്പെടുന്ന തോമസ് എഡ്വേര്‍ഡ് ലോറന്‍സിന്റെ വീട് യാമ്പുവിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ഭവനം 1915 ലെ മഹത്തായ അറബ് കലാപം മുതലുള്ളതാണ്. ഓട്ടോമന്‍ തുര്‍ക്കികള്‍ക്കെതിരായ പ്രചാരണ വേളകളില്‍ ലോറന്‍സ് ഇവിടെ താമസിച്ചിരുന്നു.
ചരിത്ര പൈതൃകത്തിന്റെ ഭാഗമായ ഈ ഭവനത്തില്‍ സമീപ കാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലത്ത് പോരാട്ട കേന്ദ്രമെന്ന നിലയില്‍ യാമ്പുവിന്റെ പ്രാധാന്യം പ്രതിഫലിപ്പിക്കുന്ന വിനോദസഞ്ചാര കേന്ദ്രമായി ഈ കെട്ടിടം മാറിയിരിക്കുന്നു. പൈതൃക സ്വഭാവവും ചരിത്ര മൂല്യവും കൊണ്ട് വേറിട്ടുനില്‍ക്കുന്ന ഈ വീട് പ്രദേശത്തിന്റെ ചരിത്രത്തില്‍ താല്‍പര്യമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

രാത്രി വിപണി
യാമ്പുവിലെ നൈറ്റ് മാര്‍ക്കറ്റ് സമ്പന്നമായ വാണിജ്യ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്നു. ഉണക്കമീന്‍, കാപ്പി, മൈലാഞ്ചി, സ്റ്റഫ് ചെയ്ത ഈത്തപ്പഴം (മൗതിയ) തുടങ്ങിയ അതുല്യ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന പരിഷ്‌കൃത നഗരമുഖമായി നൈറ്റ് മാര്‍ക്കറ്റ് മാറിയിട്ടുണ്ട്. പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനും പ്രദേശത്തിന്റെ സാംസ്‌കാരിക സ്വത്വം ഉയര്‍ത്തിക്കാട്ടാനുമുള്ള പുനരധിവാസ പദ്ധതികളും രാത്രി വിപണിയെ സവിശേഷമാക്കുന്നു. പഴയ കാലത്ത് മത്സ്യത്തൊഴിലാളികളെ സേവിക്കാന്‍ രാത്രിയില്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാണ് സൂഖിന് ഈ പേര് ലഭിച്ചത്.

ടൂറിസ്റ്റ് കേന്ദ്രങ്ങള്‍
അല്‍നൗറസ് ദ്വീപ്
യാമ്പു കടല്‍ത്തീരത്ത് സ്ഥിതി ചെയ്യുന്ന അല്‍നൗറസ് ദ്വീപ്, എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ടൂറിസം അനുഭവങ്ങള്‍ കൊണ്ട് വര്‍ഷം തോറും ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ആകര്‍ഷകമായ ബീച്ചുകളും മീന്‍ പിടിക്കല്‍, ക്യാമ്പിംഗ്, ഹരിത ഇടങ്ങള്‍ക്കും ജലധാരകള്‍ക്കും ഇടയിലുള്ള കുടുംബ വിനോദയാത്രകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളും ദ്വീപിലുണ്ട്. ഇത് അസാധാരണ സ്ഥലമാക്കി യാമ്പുവിനെ മാറ്റുകയും അതുല്യമായ വിനോദസഞ്ചാര അനുഭവം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
യാമ്പു ഇന്‍ഡസ്ട്രിയല്‍ വാട്ടര്‍ഫ്രണ്ട്
യാമ്പു ഇന്‍ഡസ്ട്രിയല്‍ സിറ്റി കടല്‍ത്തീരം 2,60,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ശാന്തതയും വിശ്രമവും ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രധാന സ്ഥലമാണിത്. പ്രകൃതി സൗന്ദര്യത്താല്‍ സമ്പന്നമായ ഈ തീരപ്രദേശം, യാമ്പു വ്യാവസായിക നഗരത്തിലെ ഏറ്റവും മനോഹരമായ അടയാളങ്ങളില്‍ ഒന്നാണ്. ബഹുമുഖ ഉപയോഗ കെട്ടിടങ്ങള്‍, ഇരിക്കാനുള്ള സ്ഥലങ്ങള്‍, റെസ്റ്റോറന്റുകള്‍, കഫേകള്‍ എന്നിവ ഇവിടെയുണ്ട്.
ശാസ്ത്രീയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍
യാമ്പു ഒരു വിനോദ വിനോദസഞ്ചാര കേന്ദ്രം മാത്രമല്ല, വിദ്യാഭ്യാസവും വിനോദവും സംയോജിപ്പിക്കുന്ന അതുല്യമായ ശാസ്ത്രീയ സ്ഥലങ്ങളും ഇവിടെയുണ്ട്. ഇത് അറിവും പര്യവേക്ഷണവും ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമായ സ്ഥലമാക്കി യാമ്പുവിനെ മാറ്റുന്നു.
റദ്വാ മ്യൂസിയം
സൗദി അറേബ്യയിലെ ഏറ്റവും പ്രധാനപ്പെട്ട മ്യൂസിയങ്ങളില്‍ ഒന്നാണ് യാമ്പുവിലെ റദ്വാ മ്യൂസിയം. തുണിത്തരങ്ങള്‍, പുരാതന കാലത്തെ ആയുധങ്ങള്‍, അപൂര്‍വ നാണയങ്ങള്‍, പുരാതന കൈയെഴുത്തുപ്രതികള്‍, നായാട്ട് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ശേഖരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആറ് ഹാളുകള്‍ ഇവിടെയുണ്ട്. ഇവ യാമ്പുവിന്റെ പൈതൃകവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്നു. പരമ്പരാഗതമായ രൂപകല്‍പന പൈതൃകത്തെയും സംസ്‌കാരത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് മ്യൂസിയത്തെ സവിശേഷ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നു.
പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രങ്ങള്‍
പ്രകൃതിസ്നേഹികളെ ആകര്‍ഷിക്കുന്ന വൈവിധ്യമാര്‍ന്ന പ്രകൃതിദത്ത സ്ഥലങ്ങള്‍ യാമ്പുവിനെ വ്യത്യസ്തമാക്കുന്നു.
മൗണ്ട് റദ്വാ
മാനംമുട്ടുന്ന ഉയരം, അതിശയിപ്പിക്കുന്ന കാഴ്ചകള്‍, ചരിത്ര പ്രശസ്തി, അറേബ്യന്‍ പുള്ളിപ്പുലി-ചെന്നായ്ക്കള്‍ തുടങ്ങിയ മൃഗങ്ങള്‍, ഏലം-കാശിത്തുമ്പ തുടങ്ങിയ കാട്ടുസസ്യങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രകൃതി വൈവിധ്യം എന്നിവയാല്‍ യാമ്പുവിലെ റദ്വാ പര്‍വതം വേറിട്ടുനില്‍ക്കുന്നു. ഈ ഘടകങ്ങള്‍ പ്രമുഖവും പ്രശസ്തവുമായ അടയാളമായി റദ്‌വാ പര്‍വതത്തെ മാറ്റുന്നു. കയറാന്‍ പ്രയാസമുള്ള പരുക്കന്‍ മലകളില്‍ ഒന്നാണിത്. മലമുകളില്‍ നിന്ന് യാമ്പു നഗരത്തിന്റെ ദൂരക്കാഴ്ച ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് കഴിയും.

യാമ്പു കൃത്രിമ തടാകം
സവിശേഷ വിനോദസഞ്ചാര, വിനോദ കേന്ദ്രമെന്ന നിലക്കാണ് യാമ്പു കൃത്രിമ തടാകം രൂപകല്‍പന ചെയ്തിരിക്കുന്നത്. പ്രകൃതിദൃശ്യങ്ങള്‍ക്കു പുറമെ, വായുസഞ്ചാരം പ്രദാനം ചെയ്യുന്ന ജലധാരകളാല്‍ തടാകത്തില്‍ തുടര്‍ച്ചയായി വെള്ളം എത്തിക്കുകയും മലിനീകരണത്തില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. ഒരു പാലവും ഒരു ഡോക്കും ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന രണ്ട് ദ്വീപുകള്‍ തടാകത്തിലുണ്ട്. ഇതിന്റെ സ്വാഭാവിക രൂപകല്‍പന മരങ്ങളോടും കുറ്റിച്ചെടികളോടും ഇണങ്ങിച്ചേരുന്നു. കൂടാതെ അല്‍മീനാ സ്ട്രീറ്റിലെ സവിശേഷ സ്ഥാനം 2,850 മീറ്റര്‍ നീളമുള്ള നടപ്പാതകളോടെ മനോഹരമായ നടത്താനുഭവവും പ്രദാനം ചെയ്യുന്നു.

കായിക വിനോദസഞ്ചാര കേന്ദ്രങ്ങള്‍
സാഹസികതയെയും പര്യവേഷണങ്ങളെയും ഇഷ്ടപ്പെടുന്നവര്‍ക്ക് യാമ്പു നിരവധി രസകരമായ കായിക പ്രവര്‍ത്തനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
ഡൈവിംഗ് സെന്ററുകള്‍
പരിശീലനം, മാര്‍ഗനിര്‍ദേശം, ആവശ്യമായ ഉപകരണങ്ങള്‍ നല്‍കല്‍ എന്നിവയുള്‍പ്പെടെ സമഗ്രമായ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡൈവിംഗ് സെന്ററുകള്‍ യാമ്പുവിലുണ്ട്. സെവന്‍ സിസ്റ്റേഴ്സ് പവിഴപ്പുറ്റുകള്‍, ബ്രിട്ടീഷ് കപ്പലായ അയോണ പോലുള്ള കപ്പല്‍ച്ചേതങ്ങള്‍, ചെങ്കടലിന്റെ ആഴങ്ങള്‍ എന്നിവ അടുത്തറിയാന്‍ സഹായിക്കുന്ന സുരക്ഷിതവും ആസ്വാദ്യകരവുമായ ഡൈവിംഗ് അനുഭവം ഈ കേന്ദ്രങ്ങള്‍ ഉറപ്പാക്കുന്നു.