വാഷിംഗ്ടൺ – അമേരിക്കയിൽ ടിക് ടോക് നിരോധിക്കാനുള്ള നിയമത്തിന് സുപ്രീം കോടതി അംഗീകാരം നൽകി. രണ്ടു ദിവസത്തിനുള്ളിൽ അമേരിക്കയിൽ ടിക് ടോകിന് സമ്പൂർണ്ണ നിരോധനം വരും. 170 ദശലക്ഷം ആളുകളാണ് അമേരിക്കയിൽ ടിക് ടോക് ആപ് ഉപയോഗിക്കുന്നത്. നിരോധനം ഏർപ്പെടുത്താനുള്ള നീക്കം ആവിഷ്കാര സ്വാതന്ത്ര്യത്തെ ലംഘിക്കുന്നില്ലെന്നും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട നടപടിയാണെന്നും കോടതി വ്യക്തമാക്കി.
170 ദശലക്ഷത്തിലധികം അമേരിക്കക്കാർക്ക്, ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഇടപെടലിനുള്ള മാർഗങ്ങൾക്കും സമൂഹത്തിന്റെ ആശയവിനിമയത്തിനും ടിക് ടോക്ക് വ്യതിരിക്തവും വിപുലവുമായ ഒരു മാർഗം വാഗ്ദാനം ചെയ്യുന്നുവെന്നതിൽ സംശയമില്ലെന്നും എന്നാൽ ടിക് ടോക്കിന്റെ ഡാറ്റാ ശേഖരണ രീതികൾ രാജ്യ സുരക്ഷക്ക് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ജനുവരി 19-നകം ടിക് ടോക് അമേരിക്കയിൽ അടച്ചുപൂട്ടാൻ നിർബന്ധിതമാക്കുന്ന നിയമം കഴിഞ്ഞ വർഷം കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ പാസാക്കിയിരുന്നു.
വളരെ ജനപ്രിയമായ ടിക് ടോക് ചാരവൃത്തിക്കോ ചൈനീസ് അനുകൂല പ്രചാരണത്തിനോ ഉപയോഗിച്ചേക്കാമെന്ന് അമേരിക്കക്ക് ആശങ്കയുണ്ടായിരുന്നു. അതേസമയം, നിരോധനം നടപ്പിലാക്കില്ലെന്നും ഒരു ദിവസത്തിനുശേഷം അധികാരമേറ്റെടുക്കുന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തീരുമാനം വിടുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു.
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ടിക് ടോക്കിനെക്കുറിച്ച് ചർച്ച ചെയ്തതായി ട്രംപ് പറഞ്ഞു. അമേരിക്കയുടെ പുതിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാൾട്ട്സ്, “ടിക് ടോക്ക് ഇരുട്ടിൽ പോകാതിരിക്കാൻ” ഭരണകൂടം നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. ഒരു പ്രായോഗിക കരാർ മുന്നിലുള്ള കാലത്തോളം വിപുലമായ നിയമനിർമാണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്രംപ് അധികാരമേറ്റുകഴിഞ്ഞാൽ, നിയമം നടപ്പിലാക്കുന്നതിനുള്ള അന്തിമ അധികാരം അദ്ദേഹത്തിന്റെ അറ്റോർണി ജനറലിനായിരിക്കും. നിയമനിർമ്മാണത്തിനായുള്ള കോൺഗ്രസിന്റെ തീരുമാനം മരവിപ്പിക്കാനും തടയാനും അദ്ദേഹത്തിന് സാധിക്കും. അതേസമയം, നിയമം നടപ്പിലാക്കുന്നത് തടയാൻ ടിക് ടോക്ക് ശ്രമം തുടങ്ങി. തിങ്കളാഴ്ച ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ ടിക് ടോക് സി.ഇ.ഒ ഷൗ ച്യൂ ച്യൂ പങ്കെടുക്കും.