മക്ക: വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്‌വ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയർത്തിക്കെട്ടി. ഇന്നലെ രാത്രി ഇശാ നമസ്‌കാരത്തിനു ശേഷമാണ് കിസ്‌വ ഉയർത്തിക്കെട്ടൽ തുടങ്ങിയത്.

തറനിരപ്പിൽ നിന്ന് മൂന്ന് മീറ്റർ ഉയരത്തിലാണ് കിസ്‌വ ഉയർത്തിയത്. ഉയർത്തിക്കെട്ടിയ കിസ്‌വയുടെ ഭാഗം രണ്ടു മീറ്റർ ഉയരത്തിൽ തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുണ്ട്. ഹറംകാര്യ വകുപ്പിനു കീഴിലെ കിംഗ് അബ്ദുൽ അസീസ് കിസ്‌വ നിർമാണ കോംപ്ലക്‌സിലെ വിദഗ്ധ സൗദി ജീവനക്കാർ കിസ്‌വ ഉയർത്തിക്കെട്ടൽ ജോലികളിൽ പങ്കെടുത്തു. ഇതിന് ഏതാനും ക്രെയിനുകളും ഉപയോഗിച്ചു.
കടുത്ത തിരക്കിനിടെ ഹജ് തീർത്ഥാടകർ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വർഷവും ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടാറുണ്ട്. ഹജ് തീർത്ഥാടകർ അറഫയിൽ സമ്മേളിക്കുന്ന ദുൽഹജ് ഒമ്പതിന് പഴയ കിസ്‌വ മാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. പുതിയ കിസ്‌വ അണിയിച്ചാലും കിസ്‌വയുടെ അടിഭാഗം ഉയർത്തിക്കെട്ടും. ഹജ് സീസൺ അവസാനിക്കുന്നതോടെ കിസ്‌വ പഴയപടി താഴ്ത്തിക്കെട്ടുകയാണ് പതിവ്.
വൃത്തിയായി സൂക്ഷിക്കാനും കേടാകാതെ നോക്കാനുമാണ് കിസ്‌വ ഉയർത്തിക്കെട്ടുന്നത്. തെറ്റായ വിശ്വാസം മൂലം ചിലർ കിസ്‌വയിൽ നിന്ന് നൂലുകൾ വലിച്ചെടുക്കാറുണ്ട്. മറ്റു ചിലർ അനുഗ്രഹം തേടി കിസ്‌വയെ സ്പർശിക്കുകയും ചുംബിക്കുകയും മറ്റും ചെയ്യാറുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ഹജ് കാലത്ത് കിസ്‌വ ഉയർത്തിക്കെട്ടുന്നത്.
