ജിദ്ദ – അതിര്‍ത്തികള്‍ വേര്‍തിരിക്കുന്നതിന്റെ തന്ത്രപരമായ പ്രാധാന്യം ഊന്നിപ്പറയുന്ന കരാറില്‍ സിറിയയും ലെബനോനും ഒപ്പുവെച്ചു. സുരക്ഷാ, സൈനിക വിഷയങ്ങളില്‍ പരസ്പര ഏകോപനത്തിനും സഹകരണം വര്‍ധിപ്പിക്കാനുമായി ഇരു രാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാര്‍ ജിദ്ദയില്‍ യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തിയാണ് കരാര്‍ ഒപ്പുവെച്ചത്. സിറിയന്‍ പ്രതിനിധി സംഘത്തെ പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മുര്‍ഹഫ് അബുഖസ്‌റയും ലെബനീസ് പ്രതിനിധി സംഘത്തെ ലെബനീസ് പ്രതിരോധ മന്ത്രി മേജര്‍ ജനറല്‍ മൈക്കല്‍ മെനസയും നയിച്ചു. സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ സാന്നിധ്യത്തിലാണ് സിറിയന്‍, ലെബനീസ് പ്രതിരോധ മന്ത്രിമാര്‍ യോഗം ചേര്‍ന്നത്.
നിരവധി മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി നിയമ, സ്‌പെഷ്യലൈസ്ഡ് കമ്മിറ്റികള്‍ രൂപീകരിക്കാനും സുരക്ഷാ, സൈനിക വെല്ലുവിളികള്‍, പ്രത്യേകിച്ച് അതിര്‍ത്തി മേഖലയില്‍ ഉണ്ടായേക്കാവുന്ന വെല്ലുവിളികള്‍ കൈകാര്യം ചെയ്യുന്നതിന് ഉഭയകക്ഷി ഏകോപന സംവിധാനങ്ങള്‍ സജീവമാക്കാനും തീരുമാനമായി. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ കരാര്‍ രണ്ട് അയല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തില്‍ പുതിയ ഘട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
ജിദ്ദ ചര്‍ച്ചയില്‍ സിറിയന്‍, ലെബനീസ് പതിരോധ മന്ത്രിമാര്‍ സംതൃപ്തി പ്രകടിപ്പിക്കുകയും സൗദി അറേബ്യയില്‍ തുടര്‍ യോഗം ചേരാന്‍ ധാരണയിലെത്തുകയും ചെയ്തു. ലെബനീസ് സായുധ സംഘടനയായ ഹിസ്ബുല്ല മൂന്ന് സിറിയന്‍ സൈനികരെ ലെബനോനിലേക്ക് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി മാര്‍ച്ച് ആദ്യം സിറിയയിലെ പുതിയ ഭരണാധികാരികള്‍ ആരോപിച്ചതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അതിര്‍ത്തി സംഘര്‍ഷങ്ങള്‍ പൊട്ടിപ്പുറപ്പെടുകയായിരുന്നു. അട്ടിമറിക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദിന്റെ സൈന്യത്തോടൊപ്പം പോരാടിയ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ല സിറിയന്‍ സൈനികരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിച്ചു. തുടര്‍ന്നുണ്ടായ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലുകളില്‍ ഏഴു ലെബനോനികള്‍ കൊല്ലപ്പെട്ടു.
പരമാധികാരം, സ്ഥിരത, അന്താരാഷ്ട്ര നിയമം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഷ്ട്രീയവും നയതന്ത്രപരവുമായ ചര്‍ച്ചകളിലൂടെ സിറിയയും ലെബനോനും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കുന്നതിന് പിന്തുണ നല്‍കുന്നതായി സൗദി അറേബ്യ പ്രസ്താവനയില്‍ പറഞ്ഞു. സിറിയയിലും ലെബനോനിലും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും മേഖലയിലെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും സഹായിക്കുന്ന എല്ലാത്തിനും സൗദി അറേബ്യ പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.