പാലക്കാട്– കര്‍ണാടക ചിക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മലമുകളിൽ നിന്നുള്ള വീഴ്ചയിലാണ് ഈ പരിക്കുകൾ സംഭവിച്ചതെന്നാണ് നിഗമനം. മരണത്തില്‍ മറ്റ് അസ്വാഭാവികതകളൊന്നുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ പോസ്റ്റ്‌മോര്‍ട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
നാല് ദിവസം നീണ്ട ആകാംക്ഷകൾക്കും തിരച്ചിലുകൾക്കും ഒടുവിലാണ് ശ്രീനന്ദയുടെ വിയോഗം സ്ഥിരീകരിച്ചത്. കുടുംബത്തോടൊപ്പം മണിക്കധാര വെള്ളച്ചാട്ടം സന്ദർശിക്കാനെത്തിയതായിരുന്നു ശ്രീനന്ദ. വെറും പത്ത് മിനിറ്റിനുള്ളിൽ പെൺകുട്ടി കണ്ണിൽ നിന്ന് മറയുകയായിരുന്നു. മകൾ തിരികെ വരുമെന്ന പ്രതീക്ഷയിൽ മൂന്ന് രാത്രിയും നാല് പകലും ആ വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിൽ മാതാപിതാക്കളും ബന്ധുക്കളും കാത്തിരുന്നെങ്കിലും ഇന്നലെ ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൊണ്ടുപോയ ശ്രീനന്ദയുടെ ഭൗതികദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടിലെത്തിച്ചു.



