വാഷിങ്ടൻ- വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച അത്താഴവിരുന്നിനിടെ വെടിവയ്പുണ്ടായതിനെത്തുടർന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സ്ഥലത്തുനിന്ന് സുരക്ഷിതമായി മാറ്റി. ശനിയാഴ്ച രാത്രി നടന്ന വിരുന്നിനിടെയായിരുന്നു സംഭവം. വെടിയൊച്ച കേട്ട ഉടൻ തന്നെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും ട്രംപിന് സുരക്ഷാ കവചമൊരുക്കി വേദിയിൽ നിന്ന് മാറ്റുകയുമായിരുന്നു. വെടിവയ്പ് നടത്തിയ അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ ഉടൻ തന്നെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി ഇതുവരെ റിപ്പോർട്ടുകളില്ല.
നൂറുകണക്കിന് മാധ്യമപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും പങ്കെടുത്ത ചടങ്ങിൽ അഞ്ച് മുതൽ എട്ട് തവണ വരെ വെടിയൊച്ച കേട്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ട്രംപിനും മെലാനിയയ്ക്കും പുറമെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഉൾപ്പെടെയുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തിരുന്നു. വെടിയൊച്ച കേട്ടതോടെ പരിഭ്രാന്തിയിലായ അതിഥികളെയും ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. നിലവിൽ സംഭവസ്ഥലത്തിന്റെ പൂർണ്ണ നിയന്ത്രണം സുരക്ഷാ ഉദ്യോഗസ്ഥർ ഏറ്റെടുത്തിരിക്കുകയാണ്.
സംഭവത്തിന് പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനെ ട്രംപ് അഭിനന്ദിച്ചു. സീക്രട്ട് സർവീസും പൊലീസും മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിട്ടതെന്നും ധീരമായ പ്രവർത്തനത്തിലൂടെ അക്രമിയെ പിടികൂടാൻ അവർക്ക് സാധിച്ചെന്നും അദ്ദേഹം ട്രൂത്ത് സോഷ്യലിലൂടെ പ്രതികരിച്ചു. പൊലീസിന്റെ നിർദേശപ്രകാരം പരിപാടി തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്നും എന്നാൽ മുൻകൂട്ടി നിശ്ചയിച്ചതിൽ നിന്നും വ്യത്യസ്തമായ ഒരു സായാഹ്നമായിരിക്കും ഇതെന്നും ട്രംപ് കൂട്ടിച്ചേർത്തു.



