കുവൈത്ത് സിറ്റി – കുവൈത്തിലെ ഇറാന്‍ ആക്രമണങ്ങളോട് അനുഭാവം പുലര്‍ത്തിയതിന് ഏതാനും പേരെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സമൂഹത്തിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായ ഗുരുതരമായ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അറസ്റ്റിലായത്. രാജ്യത്ത് കുഴപ്പങ്ങള്‍ സൃഷ്ടിക്കാനും പൊതുജനാഭിപ്രായം തെറ്റിദ്ധരിപ്പിക്കാനും സ്വദേശികളിലും പ്രവാസികളിലും ഭയം പടര്‍ത്താനും ഇടയാക്കുന്ന നിലക്ക് ഇവര്‍ നിയമവിരുദ്ധമായി വീഡിയോകള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായി മന്ത്രാലയം വിശദീകരിച്ചു. ഭീകരവാദ സംഘടനകളോട് അനുഭാവം പ്രകടിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ സ്വകാര്യ അക്കൗണ്ടുകളിലും സോഷ്യല്‍ മീഡിയയിലും പ്രസിദ്ധീകരിച്ചതിന് ക്രിമിനല്‍ സുരക്ഷാ വിഭാഗം ഏതാനും പേരെ വിജയകരമായി തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ജോലിസ്ഥലങ്ങളും തങ്ങളുടെ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും നിയമം ലംഘിക്കാന്‍ ധൈര്യപ്പെടുന്ന ആരെയും പിന്തുടരുന്നത് അവസാനിപ്പിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. അറസ്റ്റിലായവര്‍ക്കെതിരെ ആവശ്യമായ എല്ലാ നിയമ നടപടികളും ആരംഭിച്ചിട്ടുണ്ടെന്നും അവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ഇത്തരം ക്രിമിനല്‍ പ്രവൃത്തികള്‍ ചെയ്യുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. രാജ്യത്തിന്റെ സുരക്ഷ തകര്‍ക്കാന്‍ ശ്രമിക്കുന്ന ആരെയും അനുവദിക്കില്ല. ഔദ്യോഗിക സര്‍ക്കാര്‍ സ്രോതസ്സുകളില്‍ നിന്ന് മാത്രം വിവരങ്ങള്‍ നേടണമെന്നും സ്ഥിരീകരിക്കാത്ത വീഡിയോകള്‍ പങ്കിടുന്നതില്‍ നിന്നോ വീണ്ടും പോസ്റ്റ് ചെയ്യുന്നതില്‍ നിന്നോ വിട്ടുനില്‍ക്കുന്നതിലൂടെ ദേശീയ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കണമെന്നും കുവൈത്ത് പൗരന്മാരോടും പ്രവാസികളോടും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അഭ്യര്‍ഥിച്ചു. നിയമപരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാനും സുരക്ഷാ ശ്രമങ്ങളെ തടസ്സപ്പെടുത്തുന്നത് തടയാനും സുരക്ഷാ ഉദ്യോഗസ്ഥര്‍ അവരുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുമ്പോള്‍ അവരുടെ വീഡിയോകള്‍ ചിത്രീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്നും മന്ത്രാലയം പറഞ്ഞു.



