ബെംഗളൂരു– ചിക്കമഗളൂരുവിൽ വിനോദയാത്രയ്ക്കിടെ കാണാതായ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദ(15)യ്ക്കായുള്ള തിരച്ചിൽ മൂന്നാം ദിവസവും തുടരുന്നു. മാണിക്കധാര വെള്ളച്ചാട്ടത്തിന് സമീപമുള്ള വ്യൂ പോയിന്റിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത്. നിലവിൽ പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും സംയുക്തമായാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. ഇതിനായി ഡോഗ് സ്ക്വാഡിനെയും ഡ്രോൺ ക്യാമറകളെയും അധികൃതർ നിയോഗിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. മറ്റ് രണ്ട് കുട്ടികൾക്കൊപ്പം വ്യൂ പോയിന്റിൽ നിന്ന് ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. ഇതിനുശേഷം സംഘം മലയിറങ്ങാൻ തുടങ്ങുമ്പോഴാണ് ഒരാളെ കാണാനില്ലെന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്. പെൺകുട്ടി വെള്ളച്ചാട്ടത്തിൽ വീഴാനുള്ള സാധ്യത പരിശോധിച്ചെങ്കിലും തിരച്ചിലിന് ശേഷം പൊലീസ് അത്തരമൊരു സാധ്യത തള്ളിക്കളഞ്ഞു. പാലക്കാട് നിന്നുള്ള 40 അംഗ സംഘത്തോടൊപ്പമാണ് ശ്രീനന്ദ ചിക്കമഗളൂരുവിൽ എത്തിയത്. കുട്ടിയെ കണ്ടെത്താൻ സഹായിക്കുന്നതിനായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും അടങ്ങുന്ന 15 പേർ ഇപ്പോഴും സംഭവസ്ഥലത്ത് തുടരുന്നുണ്ട്.
പശ്ചിമഘട്ടത്തിലെ ബാബാ ബുധാൻഗിരി മേഖലയിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. മലയാളി സംഘം സന്ദർശനം നടത്തുന്ന സമയത്ത് പത്ത് വിനോദസഞ്ചാരികൾ കൂടി അവിടെ ഉണ്ടായിരുന്നു. ഇവരെ കണ്ടെത്താനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.



