ജിദ്ദ – ജിദ്ദയില്‍ ഫോര്‍മുല വണ്‍ കാര്‍ റേസ് മത്സരങ്ങള്‍ നടക്കുന്നതോടനുബന്ധിച്ച്
ഏപ്രില്‍ 20, 21 തീയതികളില്‍ ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ജിദ്ദ സീസണ്‍ പരിപാടികളുടെ ഭാഗമായി ജിദ്ദ നഗരം ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര പരിപാടിയായ ഫോര്‍മുല വണ്‍ മത്സരത്തിന്റെ വിജയത്തിനായി ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ മേഖലാ ജീവനക്കാര്‍ക്കും ഏപ്രില്‍ 20, 21 തീയതികളില്‍ അധിക അവധി നല്‍കാന്‍ വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചതായി എക്‌സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ മക്ക ഗവര്‍ണറേറ്റ് അറിയിച്ചു.
അതേസമയം, സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നത്തെ അധ്യയന ദിവസം അവസാനിച്ചതോടെ ഈദുല്‍ ഫിത്ര്‍ അവധിക്ക് അടച്ചു. പതിനെട്ടു ദിവസം പെരുന്നാള്‍ അവധി ലഭിക്കും. തേഡ് സെമസ്റ്റര്‍ ക്ലാസുകള്‍ക്ക് ശവ്വാല്‍ എട്ടിന് (ഏപ്രില്‍ 6) സ്‌കൂളുകള്‍ തുറക്കും. പെരുന്നാള്‍ അവധിക്കു ശേഷം തുറക്കുന്ന സ്‌കൂളുകളില്‍ വേനല്‍ക്കാല പ്രവൃത്തി സമയമാണ് നിലവിലുണ്ടാവുക. റിയാദില്‍ സ്‌കൂള്‍ അസംബ്ലി രാവിലെ 6.15 നും ആദ്യ പിരീയഡ് 6.30 നും ആരംഭിക്കുമെന്ന് റിയാദ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജൂണ്‍ 26 ന് വേനലവധിക്ക് സ്‌കൂളുകള്‍ അടക്കുന്നതു വരെ വേനല്‍ക്കാല പ്രവൃത്തി സമയം നിലവിലുണ്ടാകും.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group