ജിദ്ദ – ഗാസയില്‍ ഉടനടി വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതുമായും ബന്ദി കൈമാറ്റവുമായും ഗാസയിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമുണ്ടാക്കാനുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ ആരംഭുന്നതുമായും ബന്ധപ്പെട്ട് അമേരിക്ക മുന്നോട്ടുവെച്ച പ്രമേയം യു.എന്‍ രക്ഷാ സമിതി അംഗീകരിച്ചതിനെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായി വിദേശ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
ഏറെ കാലമായി നീണ്ടുനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ മുഴുവന്‍ കക്ഷികളുടെയും പ്രതിബദ്ധത സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. സുസ്ഥിരമായ വെടിനിര്‍ത്തലില്‍ എത്തിച്ചേരാനും യു.എന്‍ പ്രമേയങ്ങള്‍ക്ക് അനുസൃതമായി ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണാനുമുള്ള മുഴുവന്‍ അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കുമുള്ള പൂര്‍ണ പിന്തുണ സൗദി അറേബ്യ ആവര്‍ത്തിച്ചു.
ഗാസയില്‍ സത്വരവും സമ്പൂര്‍ണവുമായ വെടിനിര്‍ത്തലും ഇസ്രായില്‍ സേനയുടെ പിന്മാറ്റവും ഭവനരഹിതരാക്കപ്പെട്ട ഫലസ്തീനികളുടെ മടക്കവും ഗാസയിലെങ്ങും ഫലപ്രദവും സുരക്ഷിതവും പര്യാപ്തവുമായ നിലക്ക് റിലീഫ് വസ്തുക്കള്‍ എത്തുന്നത് ഉറപ്പാക്കാനും ഗാസയില്‍ ജനസംഖ്യാപരമോ പ്രാദേശികമോ ആയ മാറ്റം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നിരാകരിക്കാനും ആവശ്യപ്പെടുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതി പാസാക്കിയതിനെ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷന്‍ സ്വാഗതം ചെയ്തു.
ഗാസയിലെ ഫലസ്തീന്‍ ജനതക്കെതിരെ എട്ടു മാസമായി ഇസ്രായില്‍ തുടരുന്ന വംശഹത്യ തടയുന്നതിലുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കാനുള്ള ഒരു സുപ്രധാന ചുവടുവെപ്പാണ് ഈ പ്രമേയത്തിന്റെ അംഗീകാരമെന്ന് ഒ.ഐ.സി വിലയിരുത്തി. പ്രമയം ഉടനടി നടപ്പാക്കിത്തുടങ്ങുന്നത് ഉറപ്പാക്കാന്‍ യോജിച്ച ശ്രമങ്ങള്‍ നടത്തണമെന്നും ഇക്കാര്യത്തില്‍ എല്ലാവരും ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കണമെന്നും സംഘടന ആഹ്വാനം ചെയ്തു.
ഗാസ വെടിനിര്‍ത്തലിന് അമേരിക്ക മുന്നോട്ടുവെച്ച പുതിയ കരടു പ്രമേയം രക്ഷാ സമിതി അംഗീകരിച്ചതിനെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം അല്‍ബുദൈവി സ്വാഗതം ചെയ്തു. ഗാസയില്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കാനും മേഖലയിലും ലോകത്തും സുരക്ഷയും സ്ഥിരതയും കൈവരിക്കാനും ഈ പ്രമേയം സഹായിക്കും.
ഫലസ്തീനികളുടെ സുരക്ഷയും സമാധാനവും ഉറപ്പാക്കുന്ന നിലക്ക് പ്രതിസന്ധി അവസാനിപ്പിക്കാന്‍ നടത്തുന്ന മേഖലാ, ആഗോള ശ്രമങ്ങളെ ജി.സി.സി സ്വാഗതം ചെയ്യുകയും ഇക്കാര്യത്തില്‍ അമേരിക്ക നടത്തുന്ന ശ്രമങ്ങളെ വിലമതിക്കുകയും ചെയ്യുന്നു. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ജി.സി.സിയുടെ നിലപാടുകള്‍ ഉറച്ചതാണ്. അറബ് സമാധാന പദ്ധതിക്കും യു.എന്‍ തീരുമാനങ്ങള്‍ക്കും അനുസൃതമായി കിഴക്കന്‍ ജറൂസലം തലസ്ഥാനമായി 1967 ലെ അതിര്‍ത്തിയില്‍ സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള ജി.സി.സിയുടെ പിന്തുണയും ജാസിം അല്‍ബുദൈവി ആവര്‍ത്തിച്ചു.