മക്ക: പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന നിലപാടിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും ദുരൂഹത നിറഞ്ഞ ഈ നീക്കം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും സൗദി കെ.എം.സി.സി ആവശ്യപ്പെട്ടു. ഇന്ത്യൻ പാസ്‌പോർട്ട് കേവലം ഒരു യാത്രാ രേഖ മാത്രമാണെന്നും അതിനെ പൗരത്വത്തിന്റെ കൃത്യമായ തെളിവായി കാണാനാവില്ലെന്നുമുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ സമീപകാല നിലപാട് രാജ്യത്തിനകത്തും വിദേശ ഇന്ത്യക്കാർക്കിടയിലും വലിയ ആശയക്കുഴപ്പം സൃഷ്ടിച്ചതായി കെഎംസിസി നേതാക്കൾ മക്കയിൽ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഏറെ ഗൗരവമുള്ള ഇക്കാര്യം ഉംറ നിർവഹിക്കാനെത്തിയ സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ശ്രദ്ധയിൽ പെടുത്തിയതായും നേതാക്കൾ പറഞ്ഞു.
വിവിധ സർക്കാർ-നിയമപാലന ഏജൻസികളുടെ നിരന്തരവും സൂക്ഷ്മവുമായ പരിശോധനകൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പാസ്‌പോർട്ട് അനുവദിക്കുന്നത്. അപേക്ഷകന്റെ ദേശീയത, പശ്ചാത്തലം, നിയമപരമായ പദവി എന്നിവയെല്ലാം ഈ പ്രക്രിയയിലൂടെ അതീവ ജാഗ്രതയോടെ പരിശോധിക്കപ്പെടുന്നുണ്ട്. പരമാധികാരമുള്ള ഒരു സർക്കാർ സംവിധാനം ഇത്രയും കടുത്ത പരിശോധനകൾക്ക് ശേഷം നൽകുന്ന ഒരു രേഖയ്ക്ക് രാജ്യത്തിനകത്ത് പൗരത്വം തെളിയിക്കാൻ കഴിയില്ലെന്ന് പറയുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് കെഎംസിസി നേതാക്കൾ പറഞ്ഞു.
അതോടൊപ്പം പാസ്‌പോർട്ട് അപേക്ഷാ ഫീസ് വർദ്ധിപ്പിച്ച നടപടിയും പിൻവലിക്കണമെന്ന് കെഎംസിസി ആവശ്യപ്പെട്ടു. 36 പേജുകളുള്ള പാസ്‌പോർട്ടിന്റെ അപേക്ഷാ ഫീസ് 1500 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്താനുള്ള തീരുമാനം സാധാരണക്കാരായ പൗരന്മാർക്കേറ്റ കടുത്ത ഇരുട്ടടിയാണ്. ജോലി തേടുന്ന യുവാക്കൾക്കും പ്രവാസി തൊഴിലാളികൾക്കും കുറഞ്ഞ വരുമാനക്കാരായ ജീവനക്കാർക്കും, വിശേഷിച്ചും സാമ്പത്തിക പ്രയാസങ്ങളിൽ നിന്ന് രക്ഷപ്പെടാൻ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും പെട്ടെന്നുള്ള ഈ വർധനവ് താങ്ങാനാവാത്തതാണ്. സാധാരണ പ്രവാസികൾക്ക് കനത്ത സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ നീക്കം പ്രവാസികളോടുള്ള കടുത്ത വെല്ലുവിളിയാണെന്ന് ചൂണ്ടിക്കാട്ടി നാഷണൽ കമ്മിറ്റി വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും മുസ്ലിംലീഗ് എംപിമാർക്കും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് നിവേദനം നൽകിയിട്ടുണ്ട്.
പാസ്‌പോർട്ട് എന്നത് ഒരു ആഡംബര വസ്തുവല്ല; മറിച്ച് ദശലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ അതിജീവനത്തിനും ഉപജീവനത്തിനുമുള്ള അത്യാവശ്യ രേഖയാണ്. വിദേശ പണമിടപാടുകളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ സംഭാവന നൽകുന്ന ജനവിഭാഗത്തിന് മേൽ ഈ രീതിയിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കുന്നത് തികച്ചും അനീതിയും അപലപനീയവുമാണ്.
പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി സൗദി കെഎംസിസി വിപുലമായ സംവിധാനങ്ങൾ ഒരുക്കുമെന്നും സർക്കാർ തലത്തിൽ നിന്ന് പ്രവാസികൾക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ യഥാസമയം ലഭ്യമാക്കാൻ നടപടികൾ സ്വീകരിക്കുമെന്നും നേതാക്കൾ വ്യക്തമാക്കി. പ്രവാസി പെൻഷൻ വർദ്ധനവ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ കെഎംസിസി ഉന്നയിച്ചിട്ടുണ്ട്. പ്രവാസി ക്ഷേമത്തിന് കൂടുതൽ മുൻതൂക്കം നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് തങ്ങൾ ഉൾപ്പെടെയുള്ള യു ഡി എഫ് നേതാക്കൾ ഉറപ്പ് നൽകിയിട്ടുമുണ്ട്.
സൗദിയിലെ കെഎംസിസി പ്രവർത്തകർക്കും കുടുംബങ്ങൾക്കും ഏറെ ഉപകാരപ്പെടുന്ന ‘മെഡികെയർ’ എന്ന പേരിൽ ആരോഗ്യ സുരക്ഷാ പാക്കേജിന് മക്കയിൽ ചേർന്ന നാഷണൽ കമ്മിറ്റി ഭാരവാഹികളുടെ യോഗം അന്തിമ രൂപം നൽകിയതായി നേതാക്കൾ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിലുള്ള പ്രമുഖ ആതുരാലയങ്ങളുമായി കൈകോർത്താണ് പ്രത്യേക ഡിസ്‌കൗണ്ട് പദ്ധതി നടപ്പിലാക്കുന്നത്. സൗദി കെഎംസിസിയുടെ സുരക്ഷാ പദ്ധതിയിൽ അംഗങ്ങളായവർക്കും പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
പ്രവാസികൾക്ക് നാട്ടിൽ സുരക്ഷിതമായ നിക്ഷേപ പദ്ധതിക്ക് തുടക്കം കുറിക്കാനും നാഷണൽ കമ്മിറ്റി ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികൾ നടന്നു വരുന്നു. അതോടൊപ്പം നാട്ടിലെ കമ്പനിയുടെ ഭാഗമായി സൗദിയിലും നിക്ഷേപം നടത്താൻ പദ്ധതിയുണ്ട്. സുരക്ഷിതമായ നിക്ഷേപത്തിന് ഏറ്റവും അനുയോജ്യമായ രാജ്യമാണ് സൗദി. വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഈ നിക്ഷേപത്തിലേക്ക് ക്ഷണിക്കും.
സൗദി കെഎംസിസിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി 2027 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അമ്പത് യുവതികളുടെ സൗജന്യ വിവാഹം നടത്തും. വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും പ്രവാസ ലോകത്തും വിപുലമായ മറ്റ് പരിപാടികളും സംഘടിപ്പിക്കും.
വാർത്താസമ്മേളനത്തിൽ നാഷണൽ കമ്മിറ്റി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട്, ചെയർമാൻ ഖാദർ ചെങ്കള, വൈസ് പ്രസിഡന്റുമാരായ നിസാം മമ്പാട്, ഉസ്മാനാലി പാലത്തിങ്ങൽ, സെക്രട്ടറിമാരായ നാസർ വെളിയംകോട്, ഹാരിസ് കല്ലായി, നാസർ എടവനക്കാട്, അരിമ്പ്ര അബൂബക്കർ, മുജീബ് പൂക്കോട്ടൂർ തുടങ്ങിയവർ പങ്കെടുത്തു.



