അബുദാബി – മിഡില്‍ ഈസ്റ്റ് യുദ്ധം കാരണം ആഴ്ചകള്‍ നീണ്ടുനിന്ന വിലക്ക് നീക്കിക്കൊണ്ട് യു.എ.ഇ പൗരന്മാര്‍ക്ക് ലെബനോനിലേക്ക് യാത്ര ചെയ്യാമെന്ന് യു.എ.ഇ വിദേശ മന്ത്രാലയം അറിയിച്ചു. ജൂണ്‍ 29 തിങ്കളാഴ്ച മുതല്‍ യു.എ.ഇ പൗരന്മാരെ ലെബനോനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കുമെന്ന് വിദേശ മന്ത്രാലയം പറഞ്ഞു. ലെബനോനിലേക്ക് പോകുന്നതിനുമുമ്പ് കോണ്‍സുലാര്‍ സേവന പ്ലാറ്റ്ഫോമില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. മിഡില്‍ ഈസ്റ്റ് യുദ്ധം ഉള്‍പ്പെടെയുള്ള പ്രാദേശിക സംഭവവികാസങ്ങള്‍ ചൂണ്ടിക്കാട്ടി യു.എ.ഇ പൗരന്മാര്‍ ലെബനോനിലേക്കും ഇറാഖിലേക്കും ഇറാനിലേക്കും യാത്ര പോകുന്നത് യു.എ.ഇ ഏപ്രില്‍ 30 ന് നിരോധിക്കുകയായിരുന്നു. ഈ രാജ്യങ്ങളിലേക്ക് യു.എ.ഇ പൗരന്മാര്‍ യാത്ര ചെയ്യുന്നത് വിലക്കിയ വിദേശ മന്ത്രാലയം ആ രാജ്യങ്ങളിലുള്ള യു.എ.ഇ പൗരന്മാര്‍ എത്രയും വേഗം സ്വദേശത്തേക്ക് മടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ലെബനോനിലേക്കുള്ള യാത്രക്ക് മുമ്പ് തവാജുദി സേവനത്തിലൂടെയുള്ള രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. യാത്രാ നടപടിക്രമങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്ന സാഹചര്യവും നിയമപരമായ ഉത്തരവാദിത്തവും ഒഴിവാക്കാന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മുമ്പ് യു.എ.ഇ പൗരന്മാരെ എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങള്‍ വിടാന്‍ അനുവദിക്കില്ല. രാജ്യത്ത് മടങ്ങിയെത്തിയ ശേഷം യു.എ.ഇ പൗരന്മാര്‍ തവാജുദി സേവനം വഴി ബന്ധപ്പെട്ട അധികൃതരെ അറിയിക്കണമെന്നും ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ മന്ത്രാലയം പറഞ്ഞു. അടിയന്തിര സാഹചര്യങ്ങളില്‍ +97180024 എന്ന നമ്പറില്‍ മന്ത്രാലയവുമായി ബന്ധപ്പെടാന്‍ യു.എ.ഇ പൗരന്മാരോട് മന്ത്രാലയം അഭ്യര്‍ഥിച്ചു.
ഫെബ്രുവരി 28 ന് ഇറാനെതിരായ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട യുദ്ധത്തിനിടെ ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെ പ്രതികാര വ്യോമാക്രമണങ്ങള്‍ നടത്തി. യുദ്ധത്തിനുശേഷം ആദ്യമായി തിങ്കളാഴ്ച തെഹ്റാനും ദുബായിക്കും ഇടയില്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിച്ചതായി ഇറാന്‍ സ്റ്റേറ്റ് ടി.വിയും മറ്റ് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. എന്നിരുന്നാലും, യു.എ.ഇ പൗരന്മാര്‍ ഇറാനിലേക്ക് യാത്ര പോകുന്നതിനുള്ള വിലക്ക് നീക്കിയിട്ടില്ല.



