ഗാസ – തെക്കന്‍ ഗാസ മുനമ്പിലെ ഖാന്‍ യൂനിസിന് പടിഞ്ഞാറുള്ള അല്‍മവാസി പ്രദേശത്ത് അഭയാര്‍ഥികള്‍ കഴിയുന്ന തമ്പ് ലക്ഷ്യമിട്ട് ഇന്നലെ രാത്രി ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ യുവതിയും അവരുടെ ഒരു വയസ്സുള്ള മകളും കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ മൂന്നു പേരുടെ പരിക്ക് ഗുരുതരമാണ്. ഖാന്‍ യൂനിസിലെ ബീച്ചില്‍ സ്ഥാപിച്ച തമ്പിനു നേരെയാണ് ഇസ്രായില്‍ ആക്രമണം നടത്തിയതെന്ന് ഗാസ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ പറഞ്ഞു. ബീച്ചിലെ തമ്പിനു നേരെ ഇസ്രായില്‍ സൈനിക വിമാനം മിസൈല്‍ തൊടുത്തു. ഭൂകമ്പം പോലെ പ്രദേശത്ത് സ്‌ഫോടനവും കുലുക്കവുമുണ്ടായി. കുട്ടികള്‍ കടല്‍ത്തീരത്ത് കളിക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത വ്യോമാക്രമണമെന്നും ദൃക്സാക്ഷികളില്‍ ഒരാള്‍ പറഞ്ഞു.
ദെയ്ര്‍ അല്‍ബലഹിലെ വാദി അല്‍സല്‍ഖ പാലത്തിന് സമീപം ഒരു കൂട്ടം സാധാരണക്കാരെ ലക്ഷ്യമിട്ട് ഇന്നലെ ഇസ്രായില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ബാലന്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബസല്‍ വ്യക്തമാക്കി. പ്രദേശത്തെ ഭീകരരെ ലക്ഷ്യമിട്ടാണ് സൈന്യം ആക്രമണം നടത്തിയതെന്നും വ്യോമാക്രമണത്തിന്റെ ഫലങ്ങള്‍ ഇപ്പോഴും വിലയിരുത്തിവരികയാണെന്നും ഇസ്രായില്‍ സൈനിക വൃത്തം എ.എഫ്.പിയോട് അറിയിച്ചു. ദെയ്ര്‍ അല്‍ബലഹ് ആക്രമണത്തില്‍ കൊല്ലപ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങള്‍ ദെയ്ര്‍ അല്‍ബലഹിലെ അല്‍അഖ്സ ആശുപത്രിയിലേക്ക് നീക്കി. മാലിക് വാഇല്‍ അബൂശാവിശ് (8 വയസ്സ്), അലി അസ്ബിതാന്‍, ഹസന്‍ അല്‍ഹനാജിറ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റവരില്‍ ഒരാള്‍ ഗുരുതരാവസ്ഥയിലാണെന്നും അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണെന്നും ആശുപത്രി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഗാസ മുനമ്പിലെ വിവിധ പ്രദേശങ്ങളില്‍ ഇസ്രായില്‍ സൈന്യം നടത്തിയ വ്യോമാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ എട്ടു പേര്‍ ഇന്നലെ കൊല്ലപ്പെട്ടതായി ഗാസയിലെ ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി. കിഴക്കന്‍ ഖാന്‍ യൂനിസിലും ഗാസ സിറ്റിയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ഇസ്രായില്‍ സൈന്യം ഏതാനും വീടുകളും കെട്ടിടങ്ങളും തകര്‍ത്തതായി ഗാസയില്‍ ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ വൃത്തം പറഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവിലുണ്ടെങ്കിലും അത് പതിവായി ലംഘിക്കപ്പെടുന്നു. ഇസ്രായില്‍ സൈന്യം ദിവസേന വ്യോമാക്രമണങ്ങളും കരയാക്രമണങ്ങളും തുടരുന്നതിനാല്‍, വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനുശേഷം ആയിരത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ സംബന്ധിച്ച് ഇസ്രായിലും ഹമാസും പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ ഇസ്രായില്‍ സൈന്യം ഫലസ്തീന്‍ ബാലനെ വെടിവെച്ചു കൊന്നതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. റാമല്ലക്കടുത്തുള്ള അല്‍ബീറയിലെ ഉമ്മുല്‍ശറായിത് ഡിസ്ട്രിക്ടില്‍ ഇസ്രായില്‍ സൈന്യം നടത്തിയ റെയ്ഡിനിടെ ശിരസ്സിലും നെഞ്ചിലും വെടിയേറ്റ് 15 വയസ്സുള്ള അമീര്‍ അഹ്‌മദ് ജവാദ് ജാബിര്‍ എന്ന ബാലനാണ് കൊല്ലപ്പെട്ടതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.



