- സൗദിയിലെങ്ങും കരിമരുന്ന് പ്രയോഗങ്ങളും വിപുലമായ ആഘോഷങ്ങളും
ജിദ്ദ – ഒരു മാസം നീണ്ട ഉപാസനയിലൂടെയും രാത്രി നമസ്‌കാരത്തിലൂടെയും ദാനധര്‍മങ്ങളിലൂടെയും പകലിരവുകൾ സജീവമാക്കി ദൈവീക പ്രതിഫലവും പുണ്യവും ആര്‍ജിച്ച് സ്ഫുടം ചെയ്‌തെടുത്ത ആത്മവിശുദ്ധിയുടെയും ചൈതന്യത്തിന്റെയും നിറവില്‍ ഗള്‍ഫ് രാജ്യങ്ങളിലെ വിശ്വാസികള്‍ ഈദുല്‍ ഫിത്ര്‍ ആഘോഷ ലഹരിയില്‍. സൗദി അറേബ്യയും യു.എ.ഇയും ഖത്തറും കുവൈത്തും ബഹ്‌റൈനും അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നാണ് പെരുന്നാള്‍. ഒമാനില്‍ മാത്രം നാളെയാണ് പെരുന്നാള്‍. കേരളത്തിൽ ഇന്ന് മാസപ്പിറവി കണ്ടാൽ നാളെ ആയിരിക്കും ചെറിയ പെരുന്നാൾ.

സൗദിയിലെങ്ങുമായി 15,948 മസ്ജിദുകളിലും 3,939 ഈദ് ഗാഹുകളിലും പെരുന്നാള്‍ നമസ്‌കാരങ്ങള്‍ നടന്നു. മഴക്കു സാധ്യതയിലുള്ള ചില പ്രവിശ്യകളിലും പ്രദേശങ്ങളിലും ഈദ് ഗാഹുകള്‍ ഒഴിവാക്കി മസ്ജിദുകളില്‍ മാത്രമായി പെരുന്നാള്‍ നമസ്‌കാരം പരിമിതപ്പെടുത്തി. സുബ്ഹി നമസ്‌കാരം പൂര്‍ത്തിയായ ഉടന്‍ പുത്തന്‍ ഉടയാടകള്‍ അണിഞ്ഞും സുഗന്ധം പൂശിയും പ്രായമായവരും കുട്ടികളും സ്ത്രീകളും അടക്കം അബാലവൃദ്ധം വിശ്വാസികള്‍ ഈദ് ഗാഹുകളിലേക്കും മസ്ജിദുകളിലും ഒഴുകിയെത്തി.
ഈദ് ഗാഹുകളില്‍ മധുരപലഹാരങ്ങളും ഈത്തപ്പഴയും കാപ്പിയും വിതരം ചെയ്തു. നമസ്‌കാരം പൂര്‍ത്തിയായ ഉടന്‍ പരസ്പരം ആശ്ലേഷിച്ചും ഹസ്തദാനം ചെയ്തും സലാം ചൊല്ലിയും വിശ്വാസികള്‍ ബന്ധങ്ങള്‍ പുതുക്കി. ബന്ധുമിത്രാതികളുടെ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബ, സൗഹൃദ, സാഹോദര്യ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാന്‍ വിശ്വാസികള്‍ പ്രത്യേക താല്‍പര്യം കാണിച്ചു.

ഉംറ തീര്‍ഥാടകരും സന്ദര്‍ശകരും സ്വദേശികളും വിദേശികളും അടക്കം ദശലക്ഷക്കണക്കിന് വിശ്വാസികള്‍ ഇരു ഹറമുകളിലും പെരുന്നാള്‍ നമസ്‌കാരത്തില്‍ സംബന്ധിച്ചു. ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. ഇസ്‌ലാം സഹിഷ്ണുതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സംവാദത്തിന്റെയും മനുഷ്യത്വത്തിന്റെയും മതമാണെന്നും റമദാനില്‍ പതിവാക്കിയ ആരാധനാ കര്‍മങ്ങള്‍ റമദാനു ശേഷം ഉപേക്ഷിക്കരുതെന്നും പെരുന്നാള്‍ നമസ്‌കാരത്തോടനുബന്ധിച്ച ഉദ്‌ബോധന പ്രസംഗത്തില്‍ ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ് പറഞ്ഞു. മദീന മസ്ജിദുന്നബവിയില്‍ ശൈഖ് ഡോ. അബ്ദുല്ല അല്‍ബുഅയ്ജാന്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കി. മദീന ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ മസ്ജിദുന്നബവിയില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു.

തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവ് ജിദ്ദ അല്‍സലാം കൊട്ടാരത്തിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിശുദ്ധ ഹറമില്‍ പെരുന്നാള്‍ നമസ്‌കാരത്തില്‍ പങ്കെടുത്തു. ലെബനീസ് പ്രധാനമന്ത്രി നവാഫ് സലാം സൗദി കിരീടാവകാശിക്കൊപ്പം പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചു. റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദര്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരനും റിയാദ് ഇമാം തുര്‍ക്കി ബിന്‍ അബ്ദുല്ല ജുമാമസ്ജിദിലാണ് പെരുന്നാള്‍ നമസ്‌കാരം നിര്‍വഹിച്ചത്. റിയാദ് ഡെപ്യൂട്ടി ഗവര്‍ണര്‍ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ രാജകുമാരന്‍ ഗ്രാന്റ് മുഫ്തി ശൈഖ് അബ്ദുല്‍ അസീസ് ആലുശൈഖിനെ വീട്ടില്‍ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. പൗരപ്രമുഖരും ഗോത്ര നേതാക്കളും മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രവിശ്യാ ഗവര്‍ണര്‍മാരെ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംസകള്‍ അര്‍പ്പിച്ചു. വിവിധ പ്രവിശ്യകളില്‍ പ്രധാന ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഗവര്‍ണര്‍മാര്‍ സന്ദര്‍ശിച്ച് പെരുന്നാള്‍ ആശംകള്‍ നേരുകയും ഉപഹാരങ്ങള്‍ സമ്മാനിക്കുകയും ചെയ്തു.
ഈദുല്‍ ഫിത്‌റിന്റെ ആദ്യ ദിവസമായ ഇന്ന് രാത്രി ഒമ്പതു മണിക്ക് രാജ്യത്തുടനീളം വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ ആരംഭിക്കും. 2025 ലെ ഈദ് പ്രോഗ്രാമുകളുടെ ഭാഗമായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി സംഘടിപ്പിക്കുന്ന വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ നഗരങ്ങളുടെ ആകാശത്തെ സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിറങ്ങള്‍ കൊണ്ട് നിറക്കുകയും ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. റിയാദില്‍ ബുളിവാര്‍ഡ് വേള്‍ഡ് ഏരിയയിലും ജിദ്ദയില്‍ ജിദ്ദ പ്രൊമെനേഡിലും ദമാമില്‍ കടല്‍ത്തീരത്തും കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. അബഹയില്‍ അല്‍മതില്‍ പാര്‍ക്കിലും തായിഫില്‍ അല്‍റുദഫ് പാര്‍ക്കിലും ഹായിലില്‍ അല്‍സലാം പാര്‍ക്കിലും ജിസാനില്‍ നോര്‍ത്തേണ്‍ കോര്‍ണിഷിലും തബൂക്കില്‍ തബൂക്ക് സെന്‍ട്രല്‍ പാര്‍ക്കിലും അല്‍ബാഹയില്‍ പ്രിന്‍സ് ഹുസാം പാര്‍ക്കിലും പൊതുജനങ്ങള്‍ക്കു മുന്നില്‍ കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും.

ഉത്തര സൗദിയില്‍ അറാറില്‍ പബ്ലിക് പാര്‍ക്കിലും സകാക്കയില്‍ കിംഗ് അബ്ദുല്ല കള്‍ച്ചറല്‍ സെന്ററിലും മോഡല്‍ പാര്‍ക്കിലും വെടിക്കെട്ട് പ്രദര്‍ശനങ്ങള്‍ നടക്കും. ബുറൈദയില്‍ കിംഗ് അബ്ദുള്ള നാഷണല്‍ പാര്‍ക്കിലാണ് വെടിക്കെട്ട് നടക്കുക. മദീനയില്‍ കിംഗ് ഫഹദ് സെന്‍ട്രല്‍ പാര്‍ക്കിലും നജ്റാനില്‍ പ്രിന്‍സ് ഹദ്‌ലൂല്‍ ബിന്‍ അബ്ദുല്‍ അസീസ് സ്‌പോര്‍ട്‌സ് സിറ്റിക്ക് സമീപവും കരിമരുന്ന് പ്രയോഗങ്ങളുണ്ടാകും. രാജ്യത്തുടനീളം സന്തോഷത്തിന്റെ വികാരങ്ങള്‍ വളര്‍ത്താനും സന്തോഷം വ്യാപിപ്പിക്കാനുമുള്ള ലക്ഷ്യത്തോടെ ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വര്‍ഷം തോറും സംഘടിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പരിപാടികളില്‍ ഒന്നാണ് കരിമരുന്ന് പ്രയോഗങ്ങള്‍.
പ്രധാന നഗരങ്ങളിലെല്ലാം നഗരസഭകള്‍ വൈവിധ്യമാര്‍ന്ന പെരുന്നാള്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. റിയാദില്‍ അല്‍നദ്‌വ പാര്‍ക്ക്, അല്‍ഹസം പാര്‍ക്ക്, അല്‍യാസ്മീന്‍ പാര്‍ക്ക്, അല്‍കനാരി പാര്‍ക്ക്, അല്‍വുറൂദ് പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇന്ന് വൈകീട്ട് അഞ്ചു മുതല്‍ അര്‍ധ രാത്രി വരെ എല്ലാ പ്രായവിഭാത്തിലും പെട്ടവര്‍ക്ക് അനുയോജ്യമായ വൈവിധ്യമാര്‍ന്ന ആഘോഷ പരിപാടികളുണ്ടാകുമെന്ന് നഗരസഭ അറിയിച്ചു. റിയാദില്‍ ആകെ 47 ഇടങ്ങളില്‍ പെരുന്നാള്‍ പരിപാടികള്‍ നടക്കും. വിനോദ പരിപാടികള്‍, കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍, കലാസയാഹ്നങ്ങള്‍, റിയാദ് പ്രവിശ്യയുടെ സാംസ്‌കാരിക വൈവിധ്യത്തെ ഉയര്‍ത്തിക്കാട്ടുകയും പൈതൃകത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്ന ജനകീയ കലാപരിപാടികള്‍, നാടോടി കലാരൂപങ്ങള്‍ എന്നിവ റിയാദ് നഗരസഭയും ശാഖാ ബലദിയകളും ആസൂത്രണം ചെയ്തിട്ടുണ്ട്.