കുവൈത്ത് സിറ്റി – കുവൈത്തിനെ മറ്റ് ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന റെയില്‍വെ പദ്ധതിയുടെ ആദ്യ ഘട്ട പഠനം നടത്താനും രൂപകല്‍പന തയാറാക്കാനുമായി കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അല്‍മശ്ആന്‍ തുര്‍ക്കി കമ്പനിയായ പ്രോയാപിയുമായി കരാറില്‍ ഒപ്പുവച്ചു. ചടങ്ങില്‍ കുവൈത്തിലെ തുര്‍ക്കി അംബാസഡര്‍ തുബാ നൂര്‍ സോന്‍മെസ് പങ്കെടുത്തു. ഈ പദ്ധതി പ്രകാരം ഗള്‍ഫ് റെയില്‍വെ ശൃംഖലയുടെ സുപ്രധാന വടക്കന്‍ ടെര്‍മിനസായി കുവൈത്ത് പ്രവര്‍ത്തിക്കും. സൗദി അറേബ്യയോടു ചേര്‍ന്ന കുവൈത്തിന്റെ തെക്കന്‍ അതിര്‍ത്തിയായ നുവൈസിബ് ഏരിയയില്‍ നിന്ന് വടക്ക് ശദ്ദാദിയ ഏരിയ വരെ നീളുന്ന 111 കിലോമീറ്റര്‍ പാത വഴി കുവൈത്തിനെ സൗദി അറേബ്യയുമായി പദ്ധതി ബന്ധിപ്പിക്കും.
കുവൈത്തില്‍ നിന്ന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലൂടെയും ഒമാന്‍ തലസ്ഥാനമായ മസ്‌കത്ത് വരെ നീണ്ടുകിടക്കുന്ന 2,177 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഗള്‍ഫ് റെയില്‍വെ പദ്ധതി യാത്രാ, ചരക്ക് ഗതാഗതത്തിന് ഒരുപോലെ ഉപകരിക്കുമെന്ന് കുവൈത്ത് പൊതുമരാമത്ത് മന്ത്രി നൂറ അല്‍മശ്ആന്‍ പറഞ്ഞു. ഡിസൈന്‍ കരാറില്‍ ഒപ്പുവെച്ചതിലൂടെ ഈ സുപ്രധാന പദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള തുടക്കമായതായി പൊതുമരാമത്ത് മന്ത്രാലയ വക്താവ് അഹ്മദ് അല്‍സ്വാലിഹ് പറഞ്ഞു. പദ്ധതിയുടെ അന്തിമ ചെലവ് ഇപ്പോള്‍ നിര്‍ണയിക്കാന്‍ കഴിയില്ല. അന്തിമ സമഗ്ര രൂപകല്‍പന പൂര്‍ത്തിയായ ശേഷം ചിത്രം കൂടുതല്‍ വ്യക്തമാകുമെന്നും അഹ്മദ് അല്‍സ്വാലിഹ് പറഞ്ഞു.
പദ്ധതിയുടെ കണ്‍സള്‍ട്ടിംഗ് കരാര്‍ കഴിഞ്ഞ ജനുവരിയില്‍ തുര്‍ക്കി കമ്പനിയായ പ്രോയാപിക്ക് 25 ലക്ഷം കുവൈത്തി ദീനാറിന് നല്‍കിയിരുന്നു. കണ്‍സള്‍ട്ടന്‍സി കാലയളവ് ഒരു വര്‍ഷമെടുക്കുമെന്നും പദ്ധതി നിര്‍മാണം 2030 ഓടെ പൂര്‍ത്തിയാകുമെന്നും പ്രതീക്ഷിക്കുന്നു. ഡിസൈന്‍ ഘട്ടം പൂര്‍ത്തിയായ ശേഷം പദ്ധതി നടപ്പാക്കാനുള്ള ടെണ്ടര്‍ നല്‍കുമെന്ന് പൊതുമരാമത്ത് മന്ത്രാലയം എക്‌സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.