കോഴിക്കോട്- രാഷ്ട്രീയം എന്നത് വ്യക്തികൾ തമ്മിലുള്ള ഗുസ്തി മത്സരമല്ലെന്നും മറിച്ച് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. പി.വി. അൻവർ നടത്തുന്ന പരാമർശങ്ങൾ ജനങ്ങൾ കൃത്യമായി വിലയിരുത്തുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കവേ പറഞ്ഞു. ആക്ഷേപങ്ങൾ കേൾക്കുമ്പോൾ ഒരു മനുഷ്യൻ എന്ന നിലയിൽ വേദന തോന്നുക സ്വാഭാവികമാണ്. എന്നാൽ രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ അതിൽ തളരുന്നില്ലെന്നും വൈകാരികതയേക്കാൾ കൂടുതൽ രാഷ്ട്രീയ ബോധത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് എൽ.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും മികച്ച രീതിയിലുള്ള ഒരു തുടർഭരണം ഉണ്ടാകുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.
തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും 2021-ലേതിനേക്കാൾ കൂടുതൽ വോട്ടുകൾ ഇത്തവണ ലഭിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.



