വാഷിംഗ്ടൺ- ഏപ്രിൽ എട്ടിന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം ഇറാൻ യുഎസ് സേനയ്ക്ക് നേരെ പത്തിലധികം തവണ ആക്രമണം നടത്തിയതായി യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കീൻ വെളിപ്പെടുത്തി. വാണിജ്യ കപ്പലുകൾക്ക് നേരെ ഒമ്പത് തവണ വെടിയുതിർത്ത ഇറാൻ സൈന്യം, രണ്ട് കണ്ടെയ്‌നർ കപ്പലുകൾ പിടിച്ചെടുക്കുകയും ചെയ്തു. തിങ്കളാഴ്ച മാത്രം ഒമാനിലും യുഎഇയിലുമായി നാല് ആക്രമണങ്ങളാണ് നടന്നത്. ഇറാൻ വിക്ഷേപിച്ച ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും യുഎസ് ഹെലികോപ്റ്ററുകൾ വിജയകരമായി തടഞ്ഞതായും അദ്ദേഹം വാഷിംഗ്ടണിൽ നടന്ന വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഈ പ്രകോപനങ്ങൾ ഗൗരവകരമാണെങ്കിലും, ഒരു വലിയ യുദ്ധം പുനരാരംഭിക്കേണ്ട സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നാണ് പെന്റഗണിന്റെ വിലയിരുത്തൽ.
ഹോർമുസ് കടലിടുക്കിലെ സംഘർഷം കാരണം 1,550-ലധികം വാണിജ്യ കപ്പലുകളിലായി ഏകദേശം 22,500 നാവികർ ഗൾഫ് ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്ന യുഎസ് സേനയെ സ്പീഡ് ബോട്ടുകളും ഡ്രോണുകളും ഉപയോഗിച്ചാണ് ഇറാൻ നേരിടുന്നത്. ഇതിനെ പ്രതിരോധിക്കാൻ ഒമാൻ അതിർത്തിയോട് ചേർന്നുള്ള കടലിടുക്കിന്റെ തെക്കൻ ഭാഗത്ത് അമേരിക്ക വിപുലമായ സുരക്ഷാ മേഖല സ്ഥാപിച്ചിട്ടുണ്ട്. കടലിടുക്കിന് മുകളിലായി അതിശക്തമായ ‘പ്രതിരോധ താഴികക്കുടം’ (Defense Dome) സജ്ജീകരിച്ചിട്ടുണ്ടെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും വ്യക്തമാക്കി.
ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് യുദ്ധത്തെത്തുടർന്ന് അടച്ചുപൂട്ടിയത് ആഗോള ഊർജ്ജ വിപണിയെ വല്ലാതെ തളർത്തിയിട്ടുണ്ട്. ഈ പ്രതിസന്ധി മറികടക്കാനായി കര, കടൽ, വ്യോമ സേനകളെ ഏകോപിപ്പിച്ചുകൊണ്ട് വാണിജ്യ കപ്പലുകൾക്ക് സുരക്ഷ നൽകാനാണ് അമേരിക്കയുടെ തീരുമാനം. ഇറാന്റെ ഭാഗത്തുനിന്നുള്ള ചെറിയ ആക്രമണങ്ങളെപ്പോലും പ്രതിരോധിച്ചുകൊണ്ട് ജലപാത തുറന്നുകൊടുക്കാനാണ് നിലവിൽ യുഎസ് യൂണിറ്റുകൾ ശ്രമിക്കുന്നത്.



