മസ്കത്ത്- ഒമാൻ തീരത്ത് ഓയിൽ ടാങ്കർ മറിഞ്ഞ് കാണാതായ 16 ജീവനക്കാരിൽ ഒമ്പത് ജീവനക്കാരെ ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പൽ ഐഎൻഎസ് ടെഗ് രക്ഷപ്പെടുത്തി. മറിഞ്ഞ എണ്ണക്കപ്പലിൻ്റെ തിരച്ചിലിനും രക്ഷാപ്രവർത്തനങ്ങൾക്കുമായി നാവികസേനയുടെ യുദ്ധക്കപ്പൽ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. രക്ഷപ്പെട്ട
ഒമ്പത് പേരിൽ എട്ട് പേർ ഇന്ത്യക്കാരും ഒരാൾ ശ്രീലങ്കക്കാരനുമാണ്. ഒമാനിലെ തുറമുഖ പട്ടണമായ ദുഖിന് സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് എംടി ഫാൽക്കൺ പ്രസ്റ്റീജ് എന്ന എണ്ണക്കപ്പൽ മറിഞ്ഞത്.
പ്രദേശത്ത് കടൽക്ഷോഭവും ശക്തമായ കാറ്റും അനുഭവപ്പെടുന്നതിനാൽ ശക്തമായ വെല്ലുവിളികൾ അതിജീവിച്ചാണ് രക്ഷാ പ്രവർത്തനങ്ങൾ നടത്തുന്നത്. നാവികസേനയുടെ ലോംഗ് റേഞ്ച് മാരിടൈം റെക്കണൈസൻസ് എയർക്രാഫ്റ്റ് പി8ഐയും രക്ഷപ്പെട്ടവർക്കായി തിരച്ചിൽ നടത്തുന്നുണ്ട്.
ഒമാൻ്റെ തെക്കുപടിഞ്ഞാറൻ തീരത്താണ് ദുക്ം തുറമുഖം സ്ഥിതി ചെയ്യുന്നത്, സുൽത്താനേറ്റിൻ്റെ പ്രധാന എണ്ണ, വാതക ഖനന പദ്ധതികൾക്ക് സമീപമാണിത്. യമനിലെ തുറമുഖ നഗരമായ ഏദനിലേക്കാണ് എണ്ണക്കപ്പൽ പോയതെന്ന് ഷിപ്പിംഗ് വെബ്‌സൈറ്റ് marinetraffic.com റിപ്പോർട്ട് ചെയ്യുന്നു.
ഒമാൻ അധികൃതരുമായി നിരന്തര സമ്പർക്കത്തിലാണെന്നും സേർച്ച് ആൻഡ് റെസ്ക്യൂ (എസ്എആർ) ഓപ്പറേഷൻ ഒമാൻ മാരിടൈം സെക്യൂരിറ്റി സെൻ്റർ ഏകോപിപ്പിക്കുന്നുണ്ടെന്നും ഇന്ത്യൻ നാവികസേന മേഖലയിൽ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി അറിയിച്ചു. 2007-ൽ നിർമ്മിച്ച 117 മീറ്റർ നീളമുള്ള എണ്ണ ഉൽപന്ന ടാങ്കറാണ് ഈ കപ്പൽ.