കോഴിക്കോട്– മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ മുനീറിന്റെ കുടിശ്ശികയായ ബാങ്ക് വായ്പ മുസ്ലിം ലീഗ് നേരിട്ട് ഇടപെട്ട് അടച്ചുതീർത്തു. കാലിക്കറ്റ് ടൗൺ സർവീസ് സഹകരണ ബാങ്കിലുണ്ടായിരുന്ന 49 ലക്ഷം രൂപയാണ് പാർട്ടി ഫണ്ടിൽ നിന്നും കൈമാറിയത്. ഈ മാസം 31-നകം പണം അടച്ചില്ലെങ്കിൽ കോഴിക്കോട് നടക്കാവിലുള്ള മുനീറിന്റെ ‘ക്രസന്റ് ഹൗസ്’ എന്ന വീട് ജപ്തി ചെയ്യുമെന്ന് കാണിച്ച് ബാങ്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വം അടിയന്തരമായി പണം അടക്കാൻ തീരുമാനിച്ചത്.
വീടിന്റെ നവീകരണ ആവശ്യങ്ങൾക്കായി മുനീർ 35 ലക്ഷം രൂപയാണ് ബാങ്കിൽ നിന്നും വായ്പയായി എടുത്തിരുന്നത്. എന്നാൽ തിരിച്ചടവ് മുടങ്ങിയതോടെ പലിശയുൾപ്പെടെ ഈ തുക 58 ലക്ഷം രൂപയായി വർദ്ധിച്ചിരുന്നു. ഇടക്കാലത്ത് വായ്പ പുതുക്കി നൽകാൻ ബാങ്ക് തയ്യാറായെങ്കിലും പിന്നീട് ഒരിക്കൽ പോലും തിരിച്ചടവ് നടന്നില്ലെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിരുന്നു. പലതവണ ബാങ്ക് നോട്ടീസ് അയച്ചിട്ടും പ്രതികരണം ഉണ്ടാകാത്തതിനെ തുടർന്നാണ് ജപ്തി നടപടികളിലേക്ക് നീങ്ങിയത്.
ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം മുനീർ പ്രതികരിച്ചിരുന്നു. വീട് ജപ്തി ചെയ്യുന്നത് തന്റെ വ്യക്തിപരമായ കാര്യമാണെന്നും ഇത്തരം കാര്യങ്ങളിൽ താൻ പാർട്ടിയുടെ സഹായം തേടാറില്ലെന്നുമാണ് അദ്ദേഹം പറഞ്ഞിരുന്നത്. എന്നാൽ പാർട്ടിയുടെ മുതിർന്ന നേതാവിന്റെ വീട് ജപ്തി ഭീഷണിയിലായതോടെ ലീഗ് നേതൃത്വം ഇടപെട്ട് തുക അടക്കുകയായിരുന്നു. നിലവിൽ 49 ലക്ഷം രൂപ അടച്ചതോടെ മുനീറിന്റെ വീടിന് മേലുണ്ടായിരുന്ന ജപ്തി ഭീഷണി ഒഴിവായതായാണ് റിപ്പോർട്ടുകൾ.



