കൽപ്പറ്റ: വയനാട് മേപ്പാടി കള്ളാടി പാലത്തിന് സമീപം തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ വൻ മണ്ണിടിച്ചിലിൽ രണ്ട് മരണം. അപകടത്തിൽപ്പെട്ട ഏഴ് പേരെ രക്ഷപ്പെടുത്തിയതായും ഏഴ് പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും വി. ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി. അതേസമയം, അപകടത്തിൽ പ്രദേശവാസികളായ ആരും തന്നെ കുടുങ്ങിയിട്ടില്ലെന്നും നിർമ്മാണ മേഖലയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടതെന്നുമാണ് നിലവിൽ പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മേപ്പാടി ഹയർ സെക്കൻഡറി സ്കൂളിൽ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കാൻ വയനാട് ജില്ലാ കളക്ടർ നിർദേശം നൽകി. സുരക്ഷ മുൻനിർത്തി പ്രദേശത്തുനിന്നും മാറ്റുന്നവരെയും ആവശ്യമുള്ളവരെയും ഈ ക്യാമ്പിലേക്ക് മാറ്റും.
തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് കനത്ത മണ്ണും പാറയും ഇടിഞ്ഞ് റോഡിലേക്ക് പതിച്ചത്. അപകടത്തിൽപ്പെട്ട് മണ്ണിൽ കുടുങ്ങിയ തൊഴിലാളികളായ കിരൺകുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂർ, രജനീഷ്, തന്മയി ഘോഷ് എന്നിവരടക്കം ഏഴ് പേരെയാണ് നിലവിൽ രക്ഷപ്പെടുത്തിയത്. ഇവരെ അടിയന്തര ചികിത്സയ്ക്കായി മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തുരങ്കപാത നിർമ്മാണ സൈറ്റിലെ ഷെഡുകളിലേക്കും വാഹനങ്ങളിലേക്കുമാണ് മൺകൂന ഇടിഞ്ഞുവീണത്. ഇതിനടിയിൽ ഇനിയും തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തെത്തുടർന്ന് പ്രദേശത്ത് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അടിയന്തര രക്ഷാപ്രവർത്തനങ്ങൾക്കായി ദേശീയ ദുരന്തപ്രതികരണ സേനയോട് സംഭവസ്ഥലത്തേക്ക് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുദ്ധകാലാടിസ്ഥാനത്തിൽ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണെന്നും അധികൃതർ അറിയിച്ചു.



