തെഹ്‌റാൻ– ഇറാൻ്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഖാംനഇ കോമയിലെന്ന വാർത്ത തള്ളി ഇറാൻ സർക്കാർ ഉപദേഷ്ടാവ് യൂസഫ് പെസെഷ്കിയൻ. അദ്ദേഹത്തിന്റെ ടെലിഗ്രാം ചാനലിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. യുദ്ധത്തിൽ പരിക്കേറ്റിട്ടുണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ സുരക്ഷിതനും ആരോഗ്യവാനുമാണെന്ന് പെസെഷ്കിയൻ പറഞ്ഞു. മുജ്തബ ഖാംനഇക്ക് പരിക്കേറ്റതായി വാർത്തകൾ കേട്ടിരുന്നുവെന്നും, ബന്ധപ്പെട്ട സുഹൃത്തുക്കളോട് അന്വേഷിച്ചപ്പോൾ അദ്ദേഹം സുരക്ഷിതനാണെന്ന മറുപടിയാണ് ലഭിച്ചതെന്നും യൂസഫ് പെസെഷ്കിയൻ വ്യക്തമാക്കി.
തന്റെ പിതാവായ ആയത്തുള്ള അലി ഖാംനഇയുടെ മരണത്തെത്തുടർന്ന് മൂന്ന് ദിവസങ്ങൾക്ക് മുൻപാണ് മുജ്തബ ഖാംനഇ അധികാരമേറ്റത്. അതിനുശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാതിരുന്നത് അദ്ദേഹത്തിന്റെ ആരോഗ്യ നിലയെക്കുറിച്ചും എവിടെയാണെന്നതിനെക്കുറിച്ചും വലിയ തോതിലുള്ള അഭ്യൂഹങ്ങൾക്ക് കാരണമായിരുന്നു.



