ന്യൂദൽഹി: റമദാനിൽ ഗാസയിൽ വ്യോമാക്രമണം നടത്തരുത് എന്നാവശ്യപ്പെട്ട് ഇന്ത്യ ഇസ്രായേലിലേക്ക് ദൂതനെ അയച്ചിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോഡി വെളിപ്പെടുത്തി. വിശുദ്ധ മാസത്തിൽ യുദ്ധത്തിൽ ഏർപ്പെടുന്നതിനുപകരം സമാധാനം നിലനിർത്താനാണ് താൻ ഇസ്രായേലിനോട് അഭ്യർത്ഥിച്ചതെന്നും മോഡി പറഞ്ഞു. കുറഞ്ഞത് റമദാൻ മാസത്തിലെങ്കിലും ഗാസയിൽ ബോംബിടരുതെന്ന് ഇസ്രായിലിനോട് ആവശ്യപ്പെട്ടതായും ആജ് തക്കിന് നൽകിയ അഭിമുഖത്തിൽ മോഡി പറഞ്ഞു.
“റമദാൻ മാസത്തിൽ, ഗാസയിൽ സ്‌ഫോടനങ്ങൾ നടത്തരുതെന്ന് ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട് ആവശ്യപ്പെടാൻ ഇന്ത്യ പ്രത്യേക ദൂതനെ അയച്ചു. ഇക്കാര്യം അംഗീകരിക്കാൻ ഇസ്രായിൽ തയ്യാറായിരുന്നുവെന്നും മോഡി പറഞ്ഞു. ആക്രമണം തടയാൻ മറ്റു ചില രാജ്യങ്ങളും ഇസ്രയേലുമായി സംസാരിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും അത് ഫലം കണ്ടിട്ടുണ്ടാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിലെ ചിലർ മുസ്ലീം വിഷയത്തിൽ തന്നെ വളച്ചൊടിക്കുന്നുണ്ടെങ്കിലും താൻ അത്തരം കാര്യങ്ങൾ പരസ്യപ്പെടുത്തുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻകാല സർക്കാരുകളിൽ നിന്ന് വ്യത്യസ്തമായി ഇസ്രയേലിലും ഫലസ്തീനിലും താൻ ഒറ്റയ്ക്ക് സന്ദർശനം നടത്തിയെന്നും അഭിമുഖത്തിൽ മോഡി പറഞ്ഞു. ഇസ്രായേലിൽ പോകേണ്ടി വന്നാൽ ഫലസ്തീൻ സന്ദർശനം നിർബന്ധമാണെന്ന് നേരത്തെ ഒരു ഫാഷൻ ഉണ്ടായിരുന്നു. മതേതരത്വം ചെയ്ത് തിരികെ വരൂ എന്നായിരുന്നു അത്. എന്നാൽ അങ്ങിനെ ചെയ്യാൻ ഞാൻ വിസമ്മതിച്ചു-മോഡി പറഞ്ഞു.