ഭുവനേശ്വർ– ഒഡീഷയിലെ കട്ടക്ക് എസ്‌സിബി മെഡിക്കൽ കോളേജ് ആശുപത്രിയിലുണ്ടായ വൻ തീപിടുത്തത്തിൽ പത്ത് രോഗികൾക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെ ആശുപത്രിയുടെ ഒന്നാം നിലയിലുള്ള ട്രോമ കെയർ ഐസിയുവിലാണ് അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. അതീവ ഗുരുതരാവസ്ഥയിലുള്ളവർ ചികിത്സയിലുണ്ടായിരുന്ന ഈ വാർഡിൽ നിന്ന് തൊട്ടടുത്തുള്ള ഐസിയുവിലേക്കും തീ അതിവേഗം പടരുകയായിരുന്നു.
രണ്ട് ഐസിയു വാർഡുകളിലായി ആകെ 23 രോഗികളാണ് അപകടസമയത്ത് ഉണ്ടായിരുന്നത്. പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് പത്തുപേർ മരണപ്പെട്ടത്. വിവരമറിഞ്ഞ ഉടൻ തന്നെ പോലീസും ആശുപത്രി ജീവനക്കാരും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിക്കുകയും മൂന്ന് ഫയർ ടെൻഡറുകൾ എത്തി തീ നിയന്ത്രണവിധേയമാക്കുകയും ചെയ്തു. രോഗികളെ മാറ്റുന്നതിനിടെ 11 ജീവനക്കാർക്ക് പൊള്ളലേറ്റു. ബാക്കിയുള്ള രോഗികളെ ഉടൻ തന്നെ മറ്റ് വാർഡുകളിലേക്ക് മാറ്റി ചികിത്സ തുടരുകയാണ്.
സംഭവത്തിൽ ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടുകയും സുരക്ഷാ വീഴ്ചകളെക്കുറിച്ച് പഠിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 25 ലക്ഷം രൂപയും കേന്ദ്ര സർക്കാർ 2 ലക്ഷം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവർക്ക് 50,000 രൂപ വീതം സഹായം നൽകും. ദുരന്തത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി.



