ചെന്നൈ– തമിഴ്‌നാട്ടിലെ വിരുദുനഗറിൽ പടക്ക നിർമ്മാണ യൂണിറ്റിലുണ്ടായ ഉഗ്രസ്‌ഫോടനത്തിൽ 21 പേർ മരിച്ചു. വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമ്മാണ ശാലയിലാണ് ദാരുണമായ അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത വിധം ചിന്നിച്ചിതറിയ അവസ്ഥയിലായിരുന്നു. പരിക്കേറ്റ ഒട്ടേറെപ്പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ആറുപേരുടെ നില അതീവ ഗുരുതരമായി തുടരുന്നതിനാൽ അവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടസമയത്ത് മുപ്പതിലധികം തൊഴിലാളികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കൂടുതൽ പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് അഗ്നിരക്ഷാസേന പരിശോധിച്ചുവരികയാണ്.
കട്ടനാർപട്ടിയിലെ ഈ സ്ഥാപനത്തിലുണ്ടായ സ്‌ഫോടനത്തിന്റെ ആഘാതത്തിൽ 10 കിലോമീറ്റർ ദൂരത്തോളം പ്രകമ്പനം അനുഭവപ്പെട്ടു. സ്‌ഫോടന ശബ്ദം കേട്ടയുടനെ ചില ജീവനക്കാർ ഓടി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി. ശിവകാശി, സാത്തൂർ, വിരുതുനഗർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാസേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. മുത്തുമാണിക്കം എന്നയാളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനത്തിന് പത്തിലധികം മുറികളാണുള്ളത്. ഇതിൽ നാല് മുറികൾ പൂർണ്ണമായും തകർന്നു. സാധാരണ ഞായറാഴ്ചകളിൽ അവധിയാണെങ്കിലും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രമാണിച്ച് 23-ാം തീയതി അവധി നൽകേണ്ടതിനാൽ പകരം ഇന്ന് പ്രവർത്തിക്കുകയായിരുന്നു എന്നാണ് സൂചന.
സംഭവസ്ഥലം സന്ദർശിച്ച എസ്.പി ശ്രീനാഥ് സ്ഥിതിഗതികൾ വിലയിരുത്തുകയും പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. അപകടവാർത്തയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായി അറിയിച്ച അദ്ദേഹം, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രിമാരോട് ഉടൻ സ്ഥലത്തെത്താൻ നിർദ്ദേശിച്ചു. ജില്ലാ കളക്ടർ വഴി ആവശ്യമായ എല്ലാ സഹായങ്ങളും ദുരിതബാധിതർക്ക് ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു.



