കുവൈത്ത് സിറ്റി – പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച കുവൈത്തി യുവാവ് സല്‍മാന്‍ അല്‍ഖാലിദിയെ ഇറാഖ് സുരക്ഷാ വകുപ്പുകളുടെ സഹകരണത്തോടെ അറസ്റ്റ് ചെയ്തതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പതിനൊന്നു കേസുകളില്‍ തടവു ശിക്ഷക്ക് വിധിക്കപ്പെട്ട സല്‍മാന്‍ അല്‍ഖാലിദിയെ 2023 ഡിസംബര്‍ നാലിനാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത് കുവൈത്തിന് കൈമാറാന്‍ ആവശ്യപ്പെടുന്ന സര്‍ക്കുലര്‍ മുഴുവന്‍ രാജ്യങ്ങള്‍ക്കും കുവൈത്ത് കൈമാറിയിരുന്നു.
പ്രതി ഇറാഖിലുള്ളതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇറാഖ് അധികൃതരുമായും ഇറാഖിലെ കുവൈത്ത് എംബസിയുമായും ഏകോപനം നടത്താന്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റര്‍പോള്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നുള്ള പ്രത്യേക സംഘം രൂപീകരിച്ചു. കുവൈത്തും ഇറാഖും തമ്മിലുള്ള ശക്തമായ സഹകരണത്തിലൂടെ ഇറാഖില്‍ നിന്ന് ഒളിച്ചോടുന്നതിനു മുമ്പായി പ്രതിയെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കാന്‍ പ്രതിയെ ഇറാഖ് കുവൈത്തിന് കൈമാറിയതായും കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭരണാധികാരികളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്ത കേസുകളിലാണ് സല്‍മാന്‍ അല്‍ഖാലിദി ശിക്ഷിക്കപ്പെട്ടത്. പ്രതിയെ അറസ്റ്റ് ചെയ്ത് കൈമാറിയതിന് ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുല്‍അമീര്‍ അല്‍ശമ്മരിക്കും ബസറ ഗവര്‍ണര്‍ അസ്അദ് അല്‍ഈദാനിക്കും ഇറാഖ് ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ സുരക്ഷാ വകുപ്പുകള്‍ക്കും നീതിന്യായ വ്യവസ്ഥക്കും കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി പറഞ്ഞു.