തിരൂർ- മലപ്പുറം ജില്ലയുടെ വിഭജനം ഉൾപ്പെടെ ഭരണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ നിർദ്ദേശിച്ച് തിരൂർ സബ് കളക്ടർ ദിലീപ് കെ. കൈനിക്കര. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം തന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ പങ്കുവെച്ചത്. പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ മലപ്പുറം ജില്ല വിഭജിക്കുന്ന കാര്യം പരിഗണിക്കണമെന്നും ഇത് ഭരണപരമായ സൗകര്യങ്ങൾക്കും പൊതുസൗകര്യങ്ങളുടെ വികസനത്തിനുമുള്ള നിക്ഷേപമായി കാണണമെന്നും അദ്ദേഹം കുറിച്ചു. ജില്ല വിഭജിക്കുന്നത് സംബന്ധിച്ച പ്രപ്പോസലുകൾ പലപ്പോഴും അധികൃതർക്ക് അയച്ചിട്ടുണ്ടെന്നും സബ് കളക്ടർ വെളിപ്പെടുത്തി.
ജില്ലാ വിഭജനത്തിന് പുറമെ സർക്കാർ ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം വർദ്ധിപ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. നിലവിലെ 56 വയസ്സിൽ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ട് പെൻഷൻ നൽകിത്തുടങ്ങുന്നത് എല്ലാ രീതിയിലും അബദ്ധമാണെന്നും പെൻഷൻ പ്രായം കുറഞ്ഞത് 58 വയസ്സെങ്കിലും ആക്കി ഉയർത്തുന്നത് നല്ലതാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖലയിലും കാതലായ മാറ്റങ്ങൾ വേണമെന്ന് സബ് കളക്ടർ നിർദ്ദേശിക്കുന്നുണ്ട്. മലയാളം മീഡിയം വിദ്യാഭ്യാസം പരമാവധി എൽ.പി സ്കൂൾ തലം വരെ മാത്രം മതിയെന്നും യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി തലങ്ങൾ പൂർണ്ണമായും ഇംഗ്ലീഷ് മീഡിയം ആക്കി മാറ്റണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



